‘കടക്കൂ പുറത്ത്’ മാധ്യമപ്രവര്‍ത്തകരെ ശാസിച്ച് പുറത്താക്കി മുഖ്യമന്ത്രി

സംസ്ഥാനത്തെ തുടര്‍ച്ചയായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ച ചിത്രീകരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷപ്രകടനം. യോഗത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരോട് കടക്കൂ പുറത്ത് എന്ന് കയര്‍ത്ത, മുഖ്യമന്ത്രി എല്ലാവരെയും പുറത്താക്കിയ ശേഷമാണ് ചര്‍ച്ച നടക്കുന്ന ഹാളില്‍ കയറിയത്.

രാഷ്ട്രീയ അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ബിജെപി , ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തുന്ന കാര്യം മുഖ്യമന്ത്രിയുടെ ഓഫീസാണ് മാധ്യമങ്ങളെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനെത്തിയത്.

ഇവരോട് അകാരണമായി മുഖ്യമന്ത്രി കയര്‍ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി ശകാരിച്ച് പുറത്താക്കുമ്പോള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു. ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി ഇരിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിച്ചില്ല.

മസ്‌കറ്റ് ഹോട്ടലില്‍ രാവിലെ 10 നാണ് ചര്‍ച്ച തുടങ്ങിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വി ശിവന്‍കുട്ടി, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് നേതാവ് പി ഗോപാലന്‍കുട്ടി തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

ഗവര്‍ണര്‍ പി സദാശിവത്തിന്റെ നിര്‍ദേശപ്രകാരമാണ് മുഖ്യമന്ത്രിയുടെ സമാധാന ചര്‍ച്ച. സംസ്ഥാനത്തെ തുടര്‍ച്ചയായ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും ഗവര്‍ണര്‍ ഇന്നലെ വിളിച്ചു വരുത്തിയിരുന്നു. അക്രമങ്ങളില്‍ അസംതൃപ്തി അറിയിച്ച ഗവര്‍ണര്‍, സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി ചോദിച്ചറിഞ്ഞു.

സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ കക്ഷിഭേദമെന്യേ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് ഉറപ്പ് നല്‍കി. നിലവില്‍ എല്ലാ പ്രതികളെയും പിടിക്കാനായി പൊലീസിന് സാധിച്ചിട്ടുണ്ട്. മറ്റ് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണെന്നും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികളെല്ലാം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ട്.