ജീൻപോൾ ലാലിനെ കസ്‌റ്റഡിയിലെടുത്തേക്കും

ഹണി ബീ ടു സിനിമയുടെ സെറ്റിൽ പ്രശ്‌നങ്ങളുണ്ടായെന്നും യുവനടിയുടെ ഡ്യൂപ്പിനെ ഉപയോഗിച്ചുവെന്നും വ്യക്തമാക്കുന്ന കൂടുതൽ നിർണ്ണായകമായ മൊഴികൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ സാഹചര്യത്തിൽ അടുത്ത ദിവസം തന്നെ ചിത്രത്തിന്റെ സംവിധായകൻ ജീൻപോൾ ലാലും നടൻ ശ്രീനാഥ് ഭാസിയും അടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. ഇന്നലെ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറുടെയും സെറ്റിലുണ്ടായിരുന്ന മറ്റു ചിലരുടെയും മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. സെറ്റിൽ പ്രശ്‌നങ്ങളുണ്ടായെന്നും നടിയുടെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തിയെന്നും ഇവർ മൊഴി നൽകിയതായാണ് സൂചന.
ഞായറാഴ്ച ചിത്രത്തിന്റെ മേക്കപ്പ്മാനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

യുവനടിക്ക് സെറ്റിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി ഹണി ബീ 2 വിന്റെ മേക്കപ്പ്മാൻ പൊലീസിന് മൊഴി നൽകിയിരുന്നു. പ്രശ്‌നം എന്തായിരുന്നു എന്ന് കൃത്യമായി വിവരം അറിയില്ലെങ്കിലും ഇതേതുടർന്ന് നടി മടങ്ങിപ്പോയെന്നും സിനിമയിൽ വേറെ നടിയുടെ ശരീരഭാഗങ്ങൾ ചിത്രീകരിച്ചുവെന്നും മേക്കപ്പ്മാനും പൊലീസിന് മൊഴി നൽകിയിരുന്നു. ചിത്രത്തിന്റെ സിഡി പരിശോധിച്ച പൊലീസ് നടിയുടെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്ന് കണ്ടെത്തിയിരുന്നു. യുവനടിയുടേതെന്ന വിധത്തിൽ ഡ്യൂപ്പിന്റെ ശരീരഭാഗങ്ങൾ ചിത്രീകരിച്ച് ചിത്രത്തിൽ ഉൾപ്പെടുത്തി എന്നാണ് കണ്ടെത്തിയത്. ഇതേക്കുറിച്ച് കൂടുതൽ വ്യക്തതയ്ക്കായി ചിത്രത്തിന്റെ സെൻസറിന് മുമ്പുള്ള കോപ്പിയ്ക്കായി സെൻസർ ബോർഡിനെ അന്വേഷണസംഘം സമീപിച്ചിട്ടുണ്ട്.

ഹണി ബീ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും തന്റേതെന്ന വിധത്തിൽ മറ്റാരുടെയോ ശരീരഭാഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തി അപകീർത്തിപ്പെടുത്തി എന്നുമാണ് നടിയുടെ പരാതി. ജീൻപോൾ, നടൻ ശ്രീനാഥ് ഭാസി, അസി. ഡയറക്ടർ അനിരുദ്ധ്, അണിയറ പ്രവർത്തകൻ അനൂപ് എന്നിവർക്കെതിരെ പനങ്ങാട് പൊലീസ് ഒരാഴ്ച മുമ്പ് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ഇതുവരെ ആരെയും ചോദ്യം ചെയ്തിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് മറ്റ് ചിലരുടെ കൂടി മൊഴി എടുക്കേണ്ടതുണ്ടെന്നും അതിന് ശേഷം സംവിധായകൻ അടക്കമുള്ളവരെ ചോദ്യം ചെയ്യുമെന്നും തൃക്കാക്കര എ.സി.പി പി.പി ഷംസ് പറഞ്ഞു. സെൻസർ കോപ്പി ലഭിക്കാൻ കാലതാമസമുണ്ടെന്നും അതിന് മുന്നോടിയായി ചോദ്യം ചെയ്യലുമായി മുന്നോട്ട് പോകുമെന്നും എ.സി.പി അറിയിച്ചു.