ഫോമ കേരളാ കണ്‍വെന്‍ഷന്‍ ആഗസ്റ്റ് നാലിന് തിരുവനന്തപുരത്ത്

വടക്കേ അമേരിക്കയിലും കാനഡയിലുമായി വ്യാപിച്ച് കിടക്കുന്ന 67 മലയാളി സംഘടനകളുടെ ഐക്യവേദിയാണ് ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ). രണ്ട് വര്‍ഷത്തിലൊരിക്കല്‍ അമേരിക്കയില്‍ വെച്ചും കേരളത്തില്‍ വെച്ചും ഫോമ കണ്‍വെന്‍ഷനുകള്‍ നടത്തി വരുന്നു. വടക്കേ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും കാനഡയിലും പ്രമുഖമായ മലയാളി സംഘടനകള്‍ ഫോമയുടെ അംഗ സംഘടനകളാണ്. രണ്ടുലക്ഷം മലയാളി കുടുംബങ്ങള്‍ ഫോമയില്‍ അംഗങ്ങളാണ്. അമേരിക്കന്‍ മലയാളികളെ കേരളക്കരയുമായി ബന്ധിപ്പിക്കുന്ന ഒരു ഉറച്ച ചങ്ങലയായി ഫോമ മാറിയിരിക്കുന്നു.

പ്രധാന പരിപാടികള്‍

കലാ സാംസ്‌കാരിക, വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് അംഗസംഘടനകള്‍ വഴിയും ഫോമ നേരിട്ടും നിരവധി പരിപാടികള്‍ എല്ലാ വര്‍ഷവും നടത്തി വരുന്നു. വടക്കേ അമേരിക്കയിലെ നാല് റീജ്യനുകളായി തിരിച്ചാണ് പരിപാടികള്‍ നടത്തി വരുന്നത്. മലയാള സംസ്‌കാരവും കലയും അമേരിക്കയില്‍ ജനിച്ചുവളരുന്ന രണ്ടും മൂന്നും തലമുറകള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിനും അവരുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചു കൊണ്ട് എല്ലാ വര്‍ഷവും ഫോമ യുവജനോത്സവങ്ങള്‍ നടത്തി വരുന്നു. ഇതു കൂടാതെ സംഗീതം, നൃത്തം തുടങ്ങിയ കലാപരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുള്ള പരിശീലന കളരിയും നടത്തിവരുന്നു. ഫോമയുടെ നേതൃത്വത്തില്‍ മലയാളത്തനിമ നിലനിര്‍ത്തുന്ന വള്ളംകളി മത്സരം എല്ലാ വര്‍ഷവും നടത്തിവരുന്നു. കായിക ഇനങ്ങളായ ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍ മത്സരങ്ങളും അവയ്ക്ക് പരിശീലനവും നല്‍കി വുരന്നു.
അമേരിക്കന്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഭരണകൂടത്തിന്റെയും ശ്രദ്ധയിപ്പെടുത്തുന്നതിന് ക്രിയാത്മകമായ നിരവധി പ്രവര്‍ത്തനങ്ങളും ഇടപെടലുകളും നടത്താന്‍ ഫോമയ്ക്ക് സ്ഥിരം സംവിധാനം ഉണ്ട്.

അമേരിക്കന്‍ മലയാളികള്‍ നേരിടുന്ന വലിയ പ്രശ്‌നമാണ് തങ്ങളുടെ നാട്ടിലെ ഭൂമിയും കെട്ടിടത്തിന്റെയും സംരക്ഷണം. വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകളില്‍ അമേരിക്കന്‍ മലയാളികള്‍ ഇരയാകുന്നു. അമേരിക്കന്‍ മലയാളികളുടെ ഭൂമിയും കെട്ടിടവും നിയമ വിരുദ്ധമായി കൈയേറുകയും വ്യാജ പ്രമാണങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത് ഇന്ന് നിതൃസംഭവങ്ങളാണ്. ഈ പ്രശ്‌നങ്ങള്‍ പഠിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് ഫോമ പ്രവാസി പ്രൊട്ടക്ഷന്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരുന്നു.

പ്രവാസി മലയാളികള്‍ക്കിടയില്‍ ദേശീയ ബോധവും പൗര ബോധവും വളര്‍ത്തിയെടുക്കുന്നതിന് ഫോമ പൊളിറ്റിക്കല്‍ ഫോറം ശക്തമായ നേതൃത്വം നല്‍കിവരുന്നു. ആതുര ശുശ്രൂഷാ രംഗത്ത് അമേരിക്കയില്‍ മലയാളി വനിതകളുടെ സേവനം ലോകത്തിന് തന്നെ മാതൃകയാണ്. അമേരിക്കന്‍ മലയാളി വനിതകളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഫോമ വനിതാ ഫോറം സജീവമായി പ്രവര്‍ത്തിക്കുന്നു. യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ചുള്ള ഫോമ യൂത്ത് ഫോറം യുവ തലമുറയില്‍ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.

ഫോമ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍

മെഡിക്കല്‍ ക്യാമ്പുകള്‍ ഫോമയുടെ നേതൃത്വത്തില്‍ കേരളത്തില്‍ പിന്നോക്കം നില്‍ക്കുന്ന 50 സ്ഥലങ്ങളില്‍ വിവിധ ആശുപത്രികളുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് നടത്തിവരുന്നു. ഇതുകൂടാതെ മാരകരോഗങ്ങള്‍ ബാധിതരായ രോഗികള്‍ക്ക് ഇതിനോടകം പത്തലക്ഷം രൂപ ചികിത്സാസഹായം നല്‍കിക്കഴിഞ്ഞു. ഈ വര്‍ഷം ഹൃദയ ശസ്ത്രക്രിയക്കായി നിര്‍ദ്ധനരായ 10 രോഗികളുടെ ചികിത്സാചെലവ് തിരുവല്ലാ പരുമല ആശുപത്രിയുമായി ചേര്‍ന്ന് ഫോമാ ഏറ്റെടുക്കുന്നു.
നിര്‍ധനരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന സഹായത്തിനായി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും ഓണം കിറ്റുകളും നല്‍കുന്നു. 2008-10 ല്‍ തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലെ ജനപ്രതിനിധികളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 50 വീടുകള്‍ പൂര്‍ണ്ണമായും നിര്‍മ്മിച്ച് നല്‍കുവാന്‍ ഫോമയ്ക്ക് കഴിഞ്ഞൂ. 2015-6 വര്‍ഷം തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്ററില്‍ പീഡിയാട്രിക് ഓങ്കോളജി വാര്‍ഡ് ഒരുകോടി 25 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ആര്‍.സി.സിക്ക് കൈമാറി. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ ആരോഗ്യമന്ത്രി കെ.കെ. ഷൈലജടീച്ചര്‍ നിര്‍വ്വഹിച്ചു.

സാന്ത്വനം

അമേരിക്കന്‍ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഫോമയുടെ ‘സാന്ത്വനം’ എന്ന പദ്ധതിയ്ക്ക് തുടക്കമായി.
നോര്‍ത്തമേരിക്കയിലേക്ക് കുടിയറേപാര്‍ക്കുന്ന പുതിയ കുടുംബങ്ങള്‍ക്ക് ആവശ്യമായ വിസ ഇമിഗ്രേഷന്‍ സംബന്ധമായ സഹായ സഹകരണങ്ങള്‍ നല്‍കുക, വ്യക്തിപരമായ ദുഃഖത്താലും അപകടത്താലും ഒറ്റപെട്ട് കഴിയുന്ന അമേരിക്കന്‍ പ്രവാസികള്‍ക്ക് നിയമ പരിരക്ഷ സഹായം നല്‍കുക. വിവിധ നിലകളില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും കൗണ്‍സിലിംഗ് നല്‍കുക. അമേരിക്കയില്‍ വളര്‍ന്നുവരുന്ന പുതിയ തലമുറയ്ക്ക് തലമുറകള്‍ തമ്മിലുള്ള സൗഹൃദപരമായ നിലനില്‍പ്പിന് വേണ്ടിയുള്ള ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുക. യുവജനങ്ങള്‍ക്ക് തക്ക തൊഴില്‍ കണ്ടെത്താനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക. സാമൂഹ്യമായും മാനസികമായും ശാരീരികമായും പീഡനങ്ങളും മൂല്യച്യുതിയും നേരിടുന്ന മാതാപിതാക്കളെയും സഹോദരി സഹോദരങ്ങളെയും കണ്ടെത്തി സഹായിക്കുക തുടങ്ങിയവയാണ് ‘സാന്ത്വനം’ എന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കേരള കണ്‍വെന്‍ഷന്‍ ഈ വര്‍ഷം തിരുവനന്തപുരമാണ് വേദിയാകുന്നത്. മലയാള സാഹിത്യത്തിലെ അമൂല്യനിധി ഒ.എന്‍.വി.കുറുപ്പിന്റെ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കണ്‍വെന്‍ഷന്‍ നടക്കുന്ന മസ്‌ക്കറ്റ് ഹോട്ടല്‍ സിംഫണി ഹാളിന് ഒ.എന്‍.വി നഗര്‍ എന്ന നാമകരണം നടത്തിയിരിക്കുകയാണ്. അമേരിക്കയില്‍ നിന്നും കേരളത്തില്‍ നിന്നും 500 പ്രതിനിധികള്‍ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കേരളത്തില്‍ ഇന്ന് അനുകൂലമായിരിക്കുന്ന നിക്ഷേപ സൗഹൃദാന്തരീക്ഷം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ജന്‍മനാട്ടില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ഈ കണ്‍വെന്‍ഷന്‍ അമേരിക്കന്‍ ലമയാളി വ്യവസായികള്‍ക്ക് പ്രചോദനം നല്‍കുമെന്ന് വിശ്വസിക്കുന്നതായി ഫോമ ഭാരവാഹികള്‍ ദി വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.