ന്യൂസ് 18 കേരള ചാനലില്‍ കലാപം; പുഷ് പുള്ളിന്‌ റേറ്റിംഗില്ലെങ്കിലും അപ്രൈസലില്‍ ഗംഭീരം; ആദ്യകാല ജീവനക്കാരെ പുറത്താക്കാന്‍ രാജീവ് ദേവരാജ് ഗ്രൂപ്പിന്റെ കള്ളക്കളികള്‍: 18 ജീവനക്കാര്‍ക്ക് പുറത്താക്കല്‍ ഭീഷണി

അംബാനിയുടെ ചാനലായ ന്യൂസ് 18 കേരളയില്‍ ജീവനക്കാര്‍ക്കിടയില്‍ ഗ്രൂപ്പിസവും കലാപവും. ചാനലിലെ ആദ്യകാല ജീവനക്കാര്‍ക്കെതിരെ പുതിയ ജീവനക്കാര്‍ ഗൂഢാലോചന നടത്തുന്നുവെന്നതാണ് ഏറ്റവും പുതിയ ആരോപണം. വാര്‍ത്താ തലവന്‍ രാജീവ് ദേവരാജും അനുയായികളും ചാനല്‍ പ്രവര്‍ത്തനങ്ങളെ ഹൈജാക്ക് ചെയ്യുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. 18 ആദ്യകാല ജീവനക്കാര്‍ക്കാണ് ഇപ്പോള്‍ ചാനല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. നിങ്ങളുടെ പ്രകടനം തൃപ്തികരമല്ല. രണ്ട് മാസത്തിനകം പ്രകടനം മെച്ചപ്പെട്ടില്ലെങ്കില്‍ നിങ്ങളെ പുറത്താക്കും- ഇതാണ് നോട്ടീസിലെ വാചകം. ചാനലിന്റെ തുടക്കത്തില്‍ എത്തിയവരെയാണ് ഈ നോട്ടീസ് ഉന്നം വയ്ക്കുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ ചാനല്‍ തലവന്‍ രാജീവ് ദേവരാജിന്റെ രാഷ്ട്രീയമുണ്ടെന്നാണ് നോട്ടീസ് കിട്ടിയവരുടെ അഭിപ്രായം. എന്നാല്‍ റേറ്റിംഗില്‍ താഴെനില്‍ക്കുന്ന പരിപാടികള്‍ നടത്തുന്നവര്‍ക്കെല്ലാം നല്ല അപ്രൈസലും. ഇത് എങ്ങനെ ശരിയാകുമെന്നാണ് നോട്ടീസ് കിട്ടിയവരുടെ ചോദ്യം. പുഷ് പുള്‍ അവതാരകര്‍ക്ക് ലക്ഷങ്ങളാണ് ചാനല്‍ നല്‍കുന്നത്. ഇതിന് ഒരു റേറ്റിംഗുമില്ല. ഇവര്‍ മിടുക്കരെന്ന് സ്ഥാപിച്ചെടുക്കുകയാണ്. സാധാരണ ജോലി ചെയ്യുന്ന പാവപ്പെട്ടവര്‍ക്ക് പെര്‍ഫോമന്‍സുമില്ലെന്നാണ് നോട്ടീസ് കിട്ടിയവരുടെ പക്ഷം.

ഇതോടെ വീണ്ടും ന്യൂസ് 18 കേരളയില്‍ ജീവനക്കാര്‍ക്കിടയില്‍ ഭിന്നത രൂക്ഷമാവുകയാണ്. ചാനലിന്റെ പ്രധാന ചുമതലകളില്‍ നിന്ന് ഏഷ്യാനെറ്റില്‍ നിന്ന് വന്ന കെപി ജയ്ദീപിനെ മാറ്റിയാണ് രാജീവ് ദേവരാജിനെ ചുമതല ഏല്‍പ്പിച്ചത്. ഇതോടെ പുതിയ ഒട്ടേറെ നിയമനങ്ങള്‍ നടത്തി. ഇതോടെ ചാനലില്‍ ജീവനക്കാരുടെ എണ്ണം അധികമായി. ഈ പ്രതിസന്ധി മറികടക്കാന്‍ തുടക്കത്തില്‍ ചാനലില്‍ എത്തിയവരെ പുറത്താക്കാന്‍ രാജീവ് ദേവരാജന്‍ ഗൂഢാലോചന നടത്തുന്നുവെന്നാണ് ആക്ഷേപം. കുറച്ചു ദിവസമായി ജയ്ദീപ് ഓഫീസില്‍ എത്തുന്നുമില്ല. കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്ന് പറഞ്ഞ് ജയ്ദീപിന്റെ കരാര്‍ പുതുക്കിയില്ലെന്ന അഭ്യൂഹവുമുണ്ട്. അങ്ങനെ ചാനലിലെ ജീവനക്കാര്‍ തികഞ്ഞ പ്രതിസന്ധിയിലാണ്. രണ്ട് മാസം കഴിയുമ്പോള്‍ പുതിയ ജോലികണ്ടെത്തേണ്ടിവരുമോ എന്ന ആശങ്കയിലാണ് ജീവനക്കാര്‍.

പല ചാനലുകളിലെ ജോലി ഉപേക്ഷിച്ച് ന്യൂസ് 18 കേരളയില്‍ ചേക്കേറിയവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. രണ്ട് മാസം മുമ്പ് അപ്രൈസല്‍ ഉണ്ടായിരുന്നു. ഇത് നടത്തിയത് രാജീവ് ദേവരാജനാണ്. 50 ഓളം പേര്‍ക്ക് മോശം പ്രകടനമാണെന്ന വിലയിരുത്തല്‍ ഉണ്ടായി. ഇതില്‍പ്പെട്ട 18 പേര്‍ക്കാണ് നോട്ടീസ് കിട്ടിയത്. എച്ച് ആര്‍ മാനേജര്‍ മധുസൂധനന്‍ മാണ്ടയാണ് നോട്ടീസ് അയച്ചത്. ഇത് കിട്ടിയതോടെ ജീവനക്കാരെല്ലാം അങ്കലാപ്പിലായി. ഏറെ പ്രതീക്ഷയോടെയാണ് അംബാനി കേരളത്തില്‍ ന്യൂസ് ചാനല്‍ തുടങ്ങിയത്. ലക്ഷങ്ങള്‍ ശമ്പളം നല്‍കി പലരേയും എത്തിച്ചു. എന്നാല്‍ റേറ്റിംഗില്‍ ഒരു പരിപാടിക്കും മുമ്പോട്ട് കുതിക്കാനായില്ല. രാത്രിയിലെ ചര്‍ച്ചയിലും നേട്ടം ഉണ്ടാക്കാനായില്ല. ഇതോടെ വമ്പന്‍ ശമ്പളം നല്‍കുന്നവരെ വേണമോ എന്ന ചിന്ത ചാനലില്‍ സജീവമായി. മോദിയുടെ രാഷ്ട്രീയത്തെയാണ് അംബാനി അനുകൂലിക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ മലയാളം ചാനല്‍ അതിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന വിലിയിരുത്തലുമുണ്ട്.
കടുത്ത മത്സരമാണ് മലയാളം വാര്‍ത്താ ചാനലുകള്‍ക്കിടയില്‍ നിലവിലുള്ളത്. പ്രേക്ഷകരുടെ എണ്ണത്തില്‍ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിര്‍ത്തുമ്പോള്‍ തൊട്ടടുത്ത സ്ഥാനങ്ങളില്‍ മാതൃഭൂമിയും മനോരമയും ഉണ്ട്. പീപ്പിള്‍ പോലും നേട്ടമുണ്ടാക്കുന്നു. അതിനും താഴെയാണ് ന്യൂസ് കേരളാ 18ന്റെ സ്ഥാനം.

ചാനന്‍ ലാഭത്തിലേക്ക് കടക്കാതെ വന്നതോടെ അംബാനി ഗ്രൂപ്പ് കണക്കെടുപ്പുകള്‍ തുടങ്ങിയിരുന്നു. ഇതോടെയാണ് ജീവനക്കാര്‍ കൂടുതലാണെന്ന് മനസ്സിലായത്. തുടക്കത്തില്‍ പ്രമോദ് രാഘവനായിരുന്നു ചുമതല. പ്രമോദ് പലരേയും ജോലിക്കെടുത്തു. അവരെ പുറത്താക്കാനാണ് നീക്കം നടക്കുന്നത്. അതിന് ശേഷം എത്തിയവര്‍ക്കെല്ലാം വമ്പന്‍ ശമ്പളമാണ് നല്‍കുന്നത്. ഇതിനൊപ്പിച്ച് ഒന്നും ചെയ്യാന്‍ ആര്‍ക്കും കഴിയുന്നില്ല. ഇവരുടെ പ്രതിഭയെ പറ്റി ഏവര്‍ക്കും സംശയമുണ്ട്. ഇവരെയാണ് ചാനലില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടത്. അല്ലാതെ കുറഞ്ഞ ശമ്പളത്തിന് തുടക്കത്തില്‍ ജോലിക്ക് കയറിയ പാവപ്പെട്ടവരെ അല്ലെന്നാണ് ന്യൂസ് 18 കേരളയിലെ പ്രമുഖന്‍ മറുനാടനോട് പ്രതികരിച്ചത്. തുടക്കം മുതലുള്ള ഗ്രൂപ്പിസം പുതിയ തലത്തില്‍ എത്തുകയാണ്.

ചാനലില്‍ 90,000 രൂപ ശമ്പളം വാങ്ങുന്ന ഒരാളുടെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ചാണ് കള്ളക്കളികളും ഗൂഢാലോചനയും നടക്കുന്നത്. ഇപ്പോള്‍ ജോലിക്കെടുക്കുന്ന പലര്‍ക്കും ഉയര്‍ന്ന ശമ്പളം കിട്ടുന്നു. പലരും എടുക്കുന്നവരുടെ സുഹൃത്തുക്കളാണ്. ഇവര്‍ക്ക് വേണ്ടി തുടക്കം മുതലുള്ളവരെ ബലിയാടുകളാക്കുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥ അപ്രൈസല്‍ നടന്നാല്‍ വമ്പന്മാര്‍ക്കാകും പണി പോവുക. ജയ്ദീപിനെ വെട്ടിമാറ്റി അധികാരം നേടിയവര്‍ പാവപ്പെട്ടവരെ പുറത്താക്കാനാണ് കരുക്കള്‍ നീക്കുന്നതെന്നും പ്രതികരണങ്ങള്‍ പുറത്തുവരുന്നു. രണ്ട് മാസം കൊണ്ട് പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താന്‍ തങ്ങള്‍ തയ്യാറാണ്. എന്നാല്‍ വന്‍ ശമ്പളം വാങ്ങുന്നവര്‍ ഗ്രൂപ്പ് കളി തുടര്‍ന്നാല്‍ ചാനല്‍ മുന്നോട്ട് പോകില്ലെന്നാണ് നോട്ടീസ് കിട്ടിയവരുടെ പ്രതികരണം. മാനേജ്‌മെന്റിന്റെ പ്രതിനിധിയായ തിരുവനന്തപുരത്ത് എത്തിയവര്‍ പോലും ഈ ഗ്രൂപ്പിന്റെ പിടിയില്‍പ്പെട്ടെന്ന പരാതിയും അവര്‍ക്കുണ്ട്.

ഇന്ത്യയിലെ വാര്‍ത്താ സംസ്‌കാരം കൈപ്പിടിയിലൊതുക്കുന്നതിന്റെ ഭാഗമായാണ് റിലയന്‍സ് വ്യാപകമായി പ്രാദേശിക വാര്‍ത്താ ചാനലുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ന്യൂസ് 18 നെറ്റ് വര്‍ക്കിന് 13 ഭാഷാ ചാനലുകളുണ്ട്. ഇതുകൂടാതെ മലയാളം, തമിഴ്, ആസാമീ ചാനലുകളാണ് ഇപ്പോള്‍ തുടങ്ങാന്‍ പോകുന്നത്. കേരളത്തില്‍ വാര്‍ത്താസംപ്രേഷണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി ചാനലുകളുടെ കുത്തക തകര്‍ക്കുകയായിരുന്നു റിലയന്‍സിന്റെ ലക്ഷ്യം, വന്‍തോതില്‍ പണംമുടക്കിയാണ് മലയാളം ചാനല്‍ തുടങ്ങിയത്. എന്നാല്‍ മംഗളത്തിന് കിട്ടിയ ബ്രേക്ക് പോലും ന്യൂസ് കേരള 18ന് ഉണ്ടാക്കാനായില്ല.