പൊലീസ് സ്റ്റേഷനിൽ നിന്നും എസ്.എെയുടെ തൊപ്പി വച്ച് സെൽഫിയെടുത്ത ഡി.വെെ.എഫ്.എെ നേതാവിനെ സസ്പെന്റ് ചെയ്തു. ഡി.വെെ.എഫ്.എെ മേഖലാ സെക്രട്ടറി കിഴക്കുംഭാഗം തൈപ്പറമ്പിൽ മിഥുനെ (അമ്പിളി – 23) യാണ് സസ്പെന്റ് ചെയ്തത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലായ ഡി.വൈ.എഫ്.ഐ നേതാവിന്റെ സെൽഫി നേരത്ത വിവാദമായിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എസ്.ഐയുടെ തൊപ്പി തലയിൽവച്ച് നിൽക്കുന്ന സെൽഫിയാണ് വാട്സ് ആപ്പിലൂടെ പ്രചരിച്ചത്.
കഴിഞ്ഞ ദിവസം കുമരകത്ത് നെഹ്റു ട്രോഫി വള്ളംകളിയുടെ പരിശീലന തുഴച്ചിലിനിടെയാണ് ബി.ജെ.പി ഏറ്റുമാനൂർ നിയോജക മണ്ഡലം
സെക്രട്ടറി ആന്റണി അറയിൽ, ബി.എം.എസ് കുമരകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മഹേഷ് എന്നിവർക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ ഞായറാഴ്ച അർദ്ധരാത്രിയോടെ അമ്പിളി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
പന്ത്രണ്ടരയോടെ സ്റ്റേഷനിലെത്തിയ അമ്പിളി, പുലർച്ചെ 1.53 നാണ് സ്റ്റേഷനിൽ നിന്നുള്ള സെൽഫി ‘നവകേരളം’, ‘ഡി.വൈ.എഫ്.ഐ തിരുവാർപ്പ് ‘ തുടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ജാമ്യത്തിൽ വിട്ട് അമ്പിളി നാട്ടിലെത്തും മുമ്പ് സെൽഫി പോസ്റ്റ് വൈറലായിരുന്നു.