ദിലീപിനെ കാണാന്‍ അമ്മയെത്തി

നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ അമ്മ സരോജം എത്തി. ഉച്ചയോടെയാണ് ദിലീപിന്റെ അമ്മ എത്തിയത്. നടന്റെ സഹോദരന്‍ അനൂപിനൊപ്പമാണ് അമ്മയെത്തിയത്. ദിലീപ് ജയിലിലായതിന് ശേഷം ഇത് ആദ്യമായാണ് അമ്മ ജയിലില്‍ കാണാനെത്തുന്നത്.

ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി വിശദമായ വാദം കേള്‍ക്കാനായി അടുത്ത വെള്ളിയാഴ്ചത്തേക്ക് ഇന്നാണ് മാറ്റിയത്. ഈ സാഹചര്യത്തില്‍ കൂടിയാണ് അമ്മയുടെ സന്ദര്‍ശനം.പ്രോസിക്യൂഷന്‍ രേഖമൂലമുള്ള വിശദീകരണം വെള്ളിയാഴ്ച നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

ജാമ്യം തേടി ഇത് രണ്ടാംതവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. ആദ്യതവണ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ച് ആണ് ഈ ഹര്‍ജിയും പരിഗണിച്ചത്. മുന്‍പത്തേതില്‍ നിന്ന് വ്യത്യസ്തമായി വിശദമായ ജാമ്യഹര്‍ജിയാണ് ദിലീപിന് വേണ്ടി നല്‍കിയത്.

ജൂണ്‍ 24നാണ് ദിലീപിന്റെ ആദ്യ ജാമ്യ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയത്. ഇതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. ആദ്യ ജാമ്യ ഹര്‍ജിയിന്മേല്‍ ഗുരുതര പരാമര്‍ശങ്ങള്‍ ഹൈക്കോടതിയില്‍ നിന്നുയര്‍ന്നത് ദിലീപിന് തിരിച്ചടിയായി. ഇതിന് ശേഷം അഭിഭാഷകനായ രാംകുമാറില്‍ നിന്ന് വക്കാലത്ത് മാറ്റി. തുടര്‍ന്ന് മറ്റൊരു സീനിയര്‍ അഭിഭാഷകനായ ബി രാമന്‍ പിള്ളയ്ക്ക് വക്കാലത്തും നല്‍കി.

നടിക്കു നേരെയുണ്ടായ ആക്രമണം സംബന്ധിച്ച കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യക്ക് നടി മഞ്ജുവാര്യരുമായി അടുത്ത ബന്ധമുണ്ടെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹരജിയിൽ ദിലീപ് ആരോപിച്ചിരുന്നു. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഗൂഢാലോചന എന്ന ആരോപണം ആദ്യമായി ഉന്നയിച്ചത് മഞ്ജു വാര്യര്‍ ആയിരുന്നു. അമ്മ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അത്. തന്നെ ചോദ്യം ചെയ്യുന്ന സമയത്ത് മഞ്ജു വാര്യരുടെ സുഹൃത്തിനെ കുറിച്ച് പറഞ്ഞ വിവരങ്ങള്‍ എഡിജിപി ബി സന്ധ്യ റെക്കോര്‍ഡ് ചെയ്തില്ലെന്നും ജാമ്യഹര്‍ജിയില്‍ ആരോപണം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ സമയത്ത് ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നും ദിലീപ് ആരോപിക്കുന്നു.

ജയിലിൽനിന്ന് പൾസർ സുനി, നാദിർഷയെ വിളിച്ച വിവരം അന്നുതന്നെ ഡിജിപി ലോക്‌നാഥ് ബെഹ്റയെ അറിയിച്ചിരുന്നുവെന്നും ദിലീപ് പറയുന്നു. ഏപ്രിൽ 10 നാണ് ബെഹ്റയെ വിളിച്ചത്. ഫോൺ സംഭാഷണം അടക്കം ബെഹ്റയുടെ പേഴ്സണൽ വാട്സ്ആപ് നമ്പരിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. പൾസർ സുനി നാദിർഷയെ വിളിച്ച വിവരം മറച്ചുവച്ചുവെന്ന പൊലീസിന്റെ വാദം തളളിയിരിക്കുകയാണ് ദിലീപ്.

പൾസർ സുനി ഫോൺ വിളിച്ച കാര്യം ദിലീപ് ദിവസങ്ങളോളം മറച്ചുവച്ചുവെന്നാണ് പൊലീസിന്റെ വാദം. രണ്ടാഴ്ചയ്ക്കു ശേഷമാണ് ദിലീപ് പരാതി നൽകിയതെന്നും പൊലീസ് ഉന്നയിച്ചിരുന്നു. പൊലീസിന്റെ ഈ വാദത്തെ പ്രതിരോധത്തിലാക്കുന്നതാണ് ദിലീപിന്റെ ജാമ്യാപേക്ഷയിലെ വെളിപ്പെടുത്തൽ.

നടി ആക്രമിക്കപ്പെട്ടതിനുശേഷം എറണാകുളത്ത് നടന്ന സിനിമാ പ്രവർത്തകരുടെ പ്രതിഷേധ യോഗത്തിൽ മഞ്ജു വാര്യർ സംഭവത്തിലെ ഗൂഢാലോചന പുറത്തുവരണമെന്ന് പറഞ്ഞിരുന്നു. ഈ പരാമർശം സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ആരോപണമായി പ്രചരിക്കുന്നുവെന്ന് കാണിച്ച് ഡിജിപിക്ക് പരാതി നൽകിയിരുന്നുവെന്നും ദിലീപ് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.