ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമയം നീട്ടി ചോദിച്ചു. തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഓഗസ്റ്റ് 22 ലേക്ക് മാറ്റിയത്.

ജാമ്യം തേടി ഇത് രണ്ടാംതവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. ജൂണ്‍ 24നാണ് ദിലീപിന്റെ ആദ്യ ജാമ്യ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയത്. ഇതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ആദ്യ ജാമ്യ ഹര്‍ജിയിന്മേല്‍ ഗുരുതര പരാമര്‍ശങ്ങള്‍ ഹൈക്കോടതിയില്‍ നിന്നുയര്‍ന്നത് ദിലീപിന് തിരിച്ചടിയായി. ഇതിന് ശേഷം അഭിഭാഷകനായ രാംകുമാറില്‍ നിന്ന് വക്കാലത്ത് മാറ്റി. തുടര്‍ന്ന് മറ്റൊരു സീനിയര്‍ അഭിഭാഷകനായ ബി രാമന്‍ പിള്ളയ്ക്ക് വക്കാലത്തും നല്‍കി.

നടിക്കു നേരെയുണ്ടായ ആക്രമണം സംബന്ധിച്ച കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യക്ക് നടി മഞ്ജുവാര്യരുമായി അടുത്ത ബന്ധമുണ്ടെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹർജിയിൽ ദിലീപ് ആരോപിച്ചിട്ടുണ്ട്. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഗൂഢാലോചന എന്ന ആരോപണം ആദ്യമായി ഉന്നയിച്ചത് മഞ്ജു വാര്യര്‍ ആയിരുന്നു. അമ്മ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അത്. തന്നെ ചോദ്യം ചെയ്യുന്ന സമയത്ത് മഞ്ജു വാര്യരുടെ സുഹൃത്തിനെ കുറിച്ച് പറഞ്ഞ വിവരങ്ങള്‍ എഡിജിപി ബി സന്ധ്യ റെക്കോര്‍ഡ് ചെയ്തില്ലെന്നും ജാമ്യഹര്‍ജിയില്‍ ആരോപണം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ സമയത്ത് ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്നും ദിലീപ് ആരോപിക്കുന്നു.

ജയിലിൽനിന്ന് പൾസർ സുനി, നാദിർഷയെ വിളിച്ച വിവരം അന്നുതന്നെ ഡിജിപി ലോക്‌നാഥ് ബെഹ്റയെ അറിയിച്ചിരുന്നുവെന്നും ദിലീപ് ജാമ്യാപേക്ഷയിൽ പറയുന്നു. ഏപ്രിൽ 10 നാണ് ബെഹ്റയെ വിളിച്ചത്. ഫോൺ സംഭാഷണം അടക്കം ബെഹ്റയുടെ പേഴ്സണൽ വാട്സ്ആപ് നമ്പരിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തതായും ജാമ്യാപേക്ഷയിൽ ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്.