വ്യാജ ചികിത്സാരേഖയില്‍ സെന്‍കുമാറിനെതിരെ കേസ്‌

തിരുവനന്തപുരം: വ്യാജ ചികിത്സാരേഖയുണ്ടാക്കി എന്ന പരാതിയെതുടര്‍ന്ന് മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ വീണ്ടും പോലീസ് കേസ്. വ്യാജരേഖ ചമച്ച് ശമ്പളം കൈപ്പറ്റിയെന്ന പരാതിയിലാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തിരിക്കുന്നത്. അര്‍ദ്ധ ശമ്പള വ്യവസ്ഥയില്‍ സെന്‍കുമാര്‍ എടുത്ത ലീവ് പിന്നീട് സര്‍ട്ടിഫിക്കെറ്റ് ഹാജരാക്കി മുഴുവന്‍ ശമ്പളവും കൈപ്പറ്റിയെന്നാണ് കേസ്.

നേരത്തെ വിജിലന്‍സ് അന്വേഷിച്ചകേസില്‍ കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഫയല്‍ മടക്കുകയായിരുന്നു.വിജിലന്‍സിന്റെ അധികാര പരിധിയില്‍ നിന്ന് കേസെടുക്കാനാവില്ല എന്നാണ് ഡിജിപി ഫയലില്‍ കുറിച്ചത്. എന്നാല്‍ വ്യാജരേഖ ചമച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. കേസ് പോലീസിന് കൈമാറണമെന്നും പറഞ്ഞിരുന്നു.

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കം ചെയ്തതിനെ തുടര്‍ന്ന 2016 ജൂണ്‍ ഒന്നു മുതല്‍ 2017 ജനുവരി 31 വരെ സെന്‍കുമാര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കെന്നപേരില്‍ അവധിയിലായിരുന്നു. ഇക്കാലയളില്‍ അര്‍ദ്ധവേതന അവധിയെടുക്കുന്നതിന് ഒന്‍പത് അപേക്ഷകള്‍ സെന്‍കുമാര്‍ നല്‍കിയതു സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. പിന്നീട് തന്റെ അര്‍ദ്ധവേതന അവധി പരിവര്‍ത്തിത അവധിയായി (കമ്മ്യൂട്ടഡ് ലീവ്) പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു 2017 ഫെബ്രുവരി ആറിന് അദ്ദേഹം സര്‍ക്കാരിനു കത്തു നല്‍കി. ഗവ.ആയുര്‍വേദകോളജിലെ ഡോ വികെ അജിത് കുമാര്‍ നല്‍കിയ എട്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഒപ്പം ഹാജരാക്കി. ഈരേഖകള്‍ വ്യാജമാണെന്നായിരുന്നു പരാതി. അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ചികിത്സയിലായിരുന്നെന്ന് സെന്‍കുമാര്‍ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്കായി ഡോക്ടറെ കാണാനെത്തിയെന്ന് അവകാശപ്പെടുന്ന ചില ദിവസങ്ങളില്‍ സെന്‍കുമാര്‍ അന്നമനട, കൊല്ലം, എറണാകുളം എന്നിവിടങ്ങളിലായിരുന്നെന്ന് മൊബൈല്‍ ഫോണ്‍ സിഗ്‌നലുകള്‍ പരിശോധിച്ചതില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തി. ചികിത്സയിലായിരുന്ന എട്ട് മാസം രണ്ടു മരുന്നുകള്‍ മാത്രമാണ് ആശുപത്രിയില്‍ നിന്ന് നല്‍കിയതെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. അനര്‍ഹമായി അധികവേതനം തട്ടിയെടുക്കുന്നതിന് ഈ സര്‍ട്ടിഫിക്കറ്റുകള്‍ സത്യമെന്ന വ്യാജേന സമര്‍പ്പിച്ചു സര്‍ക്കാരിനെ കബളിപ്പിക്കാന്‍ ശ്രമിച്ചു, ഒപി ടിക്കറ്റിലെ തീയതികളും സെന്‍കുമാറിനെ പരിശോധിച്ച തീയതികളും ഒന്നല്ല. ആയുര്‍വേദ കോളജ് രജിസ്റ്ററില്‍ ഇവ രേഖപ്പെടുത്തിയില്ല. ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഞായറാഴ്ചയാണ് നല്‍കിയത്, മൂന്നു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ 2017 എന്നതു 2016 എന്നു തിരുത്തി തുടങ്ങിയവയാണ് ആരോപണങ്ങള്‍.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തി, മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ വിധത്തില്‍ പരാമര്‍ശങ്ങള്‍ നടത്തി എന്നീ ആരോപണങ്ങളില്‍ സെന്‍കുമാര്‍ നിലവില്‍ അന്വേഷണം നേരിടുന്നുണ്ട്.