പി വി അന്‍വറിന്‍റെ പാര്‍ക്ക് അടച്ചുപൂട്ടേണ്ടതില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത്

പി വി അന്‍വറിന്‍റെ പാര്‍ക്ക് അടച്ചുപൂട്ടേണ്ടതില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. പാര്‍ക്കിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ ഏഴംഗ ഉപസമതിയെ നിയോഗിച്ചു. പാര്‍ക്ക് അടച്ചുപൂട്ടണമെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ഉത്തരവ് പഞ്ചായത്തിന് ലഭിച്ചിട്ടില്ല. ഉപസമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും പാര്‍ക്കിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

അതേസമയം പാര്‍ക്ക് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. പ്രദേശത്ത് എംഎല്‍എ അനുകൂലികളും, പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. എംഎല്‍എയ്ക്ക് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചു.

കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടം പൊയിലിയിലാണ് എംഎല്‍എയുടെ ഉടമസ്ഥതയിലുളള പാര്‍ക്ക്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി പിവി അന്‍വര്‍ രംഗത്തെത്തിയിരുന്നു. തന്റെ വാട്ടര്‍ തീം പാര്‍ക്ക് നിയമവിധേയമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നും അന്‍വര്‍ അഭിപ്രായപ്പെട്ടു.

വാട്ടര്‍ തീം പാര്‍ക്കിന് എല്ലാ അനുമതിയും ഉണ്ട്. എല്ലാ എന്‍ഒസികളും ഉള്‍പ്പെടെയാണ് പാര്‍ക്കിനുള്ള ലൈസന്‍സ് നേടിയിരിക്കുന്നത്. ഇതിന്റെ പകര്‍പ്പുകള്‍ ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളത്തില്‍ അന്‍വര്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമാണ്. മുരുകേശ് നരേന്ദ്രന്‍ എന്നയാളാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍. യുഡിഎഫ് പിന്തുണയോടെയാണ് ഇയാള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അയാളുടെ സ്വത്ത് തര്‍ക്കത്തില്‍ ഇടപെട്ടതാണ് വ്യക്തിവൈരാഗ്യത്തിന് കാരണം. ഇയാള്‍ ഹൈക്കോടതിയേയും തെറ്റിദ്ധരിപ്പിച്ചു. അന്‍വര്‍ പറഞ്ഞു.

കക്കാടം പൊയിലിലെ അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്ക് അനധികൃതമായാണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.