പാസ്‌പോർട്ട് ലഭിക്കാനുള്ള പൊലീസ് വെരിഫിക്കേഷൻ ഓൺലൈനാകുന്നു

    ന്യൂഡൽഹി: പാസ്‌പോർട്ട് ലഭിക്കാനുള്ള പൊലീസ് പരിശോധന വൈകുന്നുവെന്ന പരാതികൾ വ്യാപകമായതിനെ തുടർന്ന് ഇക്കാര്യം പൂർണമായും ഓൺലൈനാക്കി മാറ്റാൻ കേന്ദ്രസർക്കാർ പദ്ധതിയിടുന്നു. സ്ഥിരം കുറ്റവാളികളുടെ വിവരങ്ങൾ അടങ്ങിയ ദേശീയ ക്രിമിനൽ ഡാറ്റാ ബാങ്കിലെ വിവരങ്ങൾ ഉപയോഗിച്ച് പൊലീസ് പരിശോധന അടുത്ത വർഷത്തോടെ പൂർണമായും ഓൺലൈനാക്കി മാറ്റാനാകുമെന്നാണ് പ്രതീക്ഷ.

    പാസ്‌പോർട്ടിനുള്ള ഓൺലൈൻ പൊലീസ് പരിശോധന പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ നവംബറിൽ ബംഗളൂരു നഗരത്തിലാണ് തുടങ്ങിയത്. പദ്ധതി വിജകരമാണെന്ന് കണ്ടതോടെയാണ് രാജ്യം മുഴുവൻ വ്യാപിപ്പിക്കുന്നത്. ഓൺലൈൻ പോലീസ് പരിശോധനക്കായി ആഭ്യന്തരമന്ത്രാലയം ജില്ലാ പോലീസ് അധികാരികളുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനമാണ് ഒരുക്കുന്നത്. അപേക്ഷന്റെ പൂർണ്ണവിവരം ലഭിക്കുന്നതിനായി ദേശീയ ജനസംഖ്യാ രജിസ്‌റ്റർ (എൻ.പി.ആർ), ആധാർ. സി.സി.ടി.എൻ.എസ് എന്നിവ സമന്വയിപ്പിച്ച് കൊണ്ടുള്ള സംവിധാനമാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ അപേക്ഷകന് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ അറിയുവാനാകും.

    അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് ആൻഡ് സിസ്‌റ്റംസ്(സി.സി.റ്റി.എൻ.എസ്) പദ്ധതിയുടെ ഭാഗമായുള്ള ദേശീയ ക്രിമിനൽ ഡാറ്റാ ബാങ്ക് തിങ്കളാഴ്‌ച മുതൽ പ്രവർത്തനം ആരംഭിച്ചു. 2009ൽ പ്രവർത്തനം തുടങ്ങിയ പദ്ധതി ഏറെ കാത്തിരിപ്പിന് ശേഷം ആഭ്യന്തര മന്ത്രി രാജ്നാ‌ഥ് സിംഗ് മുൻകൈ എടുത്തതോടെയാണ് യാഥാർത്ഥ്യമായത്. രാജ്യത്തെ 15,398 പൊലീസ് സ്‌റ്റേഷനുകളെ ബന്ധിപ്പിക്കുന്ന സംവിധാനം വഴി പൗരന്മാർക്ക് ഓൺലൈനായി പരാതികൾ നൽകാനുള്ള സൗകര്യവുമുണ്ട്.