ശശികലയുടെ രാഷ്ട്രീയഭാവി അവസാനിക്കുകയാണോ? ‘ചിന്നമ്മ’യെ പുറത്താക്കാന്‍ പന്നീര്‍സെല്‍വം പറഞ്ഞ 7 കാരണങ്ങള്‍

ചെന്നൈ: അണ്ണാ ഡി.എം.കെയിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്ക് വിരാമമിട്ട് പാർട്ടിയിലെ ഇരുപക്ഷവും ഭിന്നതകൾ മറന്ന് ഒന്നായപ്പോൾ തകർന്നത് വി.കെ ശശികലയുടെ രാഷ്ട്രീയ മോഹങ്ങളാണ്. ദിനകരനൊപ്പമുള്ള 19 എം.എൽ.എമാരെ ഒഴിച്ചാൽ 116 പേരുടെ പിന്തുണ അണ്ണാ ഡി.എം.കെയ്ക്കുണ്ട്. പാർട്ടി ജനറൽ സെക്രട്ടറിയും മുൻമുഖ്യമന്ത്രിയുമായ ജയലളിതയുടെ അപ്രതീക്ഷിത മരണത്തോടെയാണ് തോഴിയായ ശശികല പാർട്ടിയുടെ തലപ്പത്തേക്ക് വരുന്നത്. ‘ചിന്നമ്മ’യെ സ്വാഗതം ചെയ്‌ത് പാർട്ടി നേതാക്കളുടെ പത്രപരസ്യങ്ങളും സജീവമായിരുന്നു. എന്നാൽ, നേതൃപാടവവും ജനസ്വാധീനവും തെളിയിക്കപ്പെടാത്ത സ്ഥിതിക്ക് അൽപം കൂടി കാത്തിരിക്കണമെന്ന പനീർശെൽവം വിഭാഗത്തിന്റെ ആവശ്യം ശശികല ചെവിക്കൊണ്ടില്ല. മാത്രമല്ല തനിക്കെതിരെ സ്വരമുയത്തിയ പനീർശെൽവത്തെ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നു ശശികല ചെയ്‌തത്. എന്നാൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിലായതോട് കൂടി ചിന്നമ്മയുടെ രാഷ്‌ട്രീയ സ്വപ്‌നങ്ങൾ പൊലിയുകയായിരുന്നു.

ശശികലയെ പാർട്ടിയിൽ നിന്ന് പുറത്തക്കിയാൽ മാത്രം ലയനത്തെ കുറിച്ച് സംസാരിക്കാമെന്ന് പനീർശെൽവം കട്ടായം പറഞ്ഞതോട് കൂടി പളനിസാമിക്ക് മറ്റ് വഴികൾ ഉണ്ടായിരുന്നില്ല.

ശശികലയെ പുറത്താക്കാൻ പനീർശെൽവം മുന്നോട്ടവച്ച ഏഴ് കാരണങ്ങൾ-

1. ശശികലയുടെ നേതൃത്വത്തിൽ പാർട്ടിയിൽ മണ്ണാർഗുഡി മാഫിയ പിടിമുറുക്കിയത്.

2. ജയലളിതയുടെ മരണത്തിൽ ശശികലയ്‌ക്ക് എതിരെ ഉയരുന്ന ആരോപണങ്ങൾ.

3. അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയലളിതയെ കാണാൻ പനീർശെൽവത്തെയോ മറ്റ് പാർട്ടി പ്രവർത്തകരെയോ ശശികല അനുവദിച്ചിട്ടില്ല.

4. ജയലളിതയുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശശികല നടത്തുന്ന ശ്രമങ്ങൾ.

5. ജയലളിതയുടെ മാനറിസങ്ങൾ പകർത്തി ജനശ്രദ്ധ തിരക്കാനുള്ള ശശികലയുടെ നീക്കങ്ങൾ.

6. ശശികലയ്‌ക്ക് നേരെ ജയയുടെ ബന്ധുക്കൾ ഉയർത്തിയ ആരോപണങ്ങൾ.

7. ഒരിക്കലും രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങില്ലെന്ന് ജയലളിതയ്ക്ക് കൊടുത്ത വാക്കിന് വിപരീതമായി അധികാരമോഹത്തിലൂന്നിയ ചിന്നമ്മയുടെ പ്രവർത്തനങ്ങൾ.