യുപിയിലെ തീവണ്ടി അപകടങ്ങള്‍: റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ എകെ മിത്തല്‍ രാജിവച്ചു. ഉത്തര്‍പ്രദേശില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ നടന്ന രണ്ട് തീവണ്ടി അപകടങ്ങള്‍ക്ക് പിന്നാലെയാണ് രാജി. തീവണ്ടി അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് മിത്തല്‍ രാജിവച്ചതെന്നാണ് സൂചന. എന്നാല്‍, രാജി റെയില്‍വെമന്ത്രി സുരേഷ് പ്രഭു സ്വീകരിച്ചിട്ടില്ല.

കഴിഞ്ഞ ശനിയാഴ്ച ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ ഉത്കല്‍ എക്സ്പ്രസ് പാളംതെറ്റി 22 പേര്‍ മരിച്ചിരുന്നു. 156 പേര്‍ക്കാണ് പരിക്കേറ്റത്. ദിവസങ്ങള്‍ക്കകം ഉത്തര്‍പ്രദേശില്‍ വീണ്ടും തീവണ്ടി അപകടത്തില്‍പ്പെട്ടു. ഡല്‍ഹിയില്‍നിന്ന് അസംഗഡിലേക്കുപോയ കൈഫിയാത്ത് എക്സ്പ്രസാണ് ബുധനാഴ്ച പാളംതെറ്റിയത്. 74 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

മുസഫര്‍നഗര്‍ തീവണ്ടി അപകടത്തിന് പിന്നലെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ റെയില്‍വെ നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയില്‍വെ ബോര്‍ഡ് ചെയര്‍മാനുതന്നെ രാജി വെക്കേണ്ടിവന്നത്. റെയില്‍വെ ബോര്‍ഡിന്റെ ഭാഗത്തുനിന്ന് അശ്രദ്ധ ഉണ്ടാകാന്‍ അനുവദിക്കില്ലെന്ന് റെയില്‍വെ മന്ത്രി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

അപകടത്തിന് ഉത്തരവാദികള്‍ ആരെന്ന് കണ്ടെത്തണമെന്ന കര്‍ശന നിര്‍ദ്ദേശം അദ്ദേഹം റെയില്‍വെ ബോര്‍ഡ് ചെയര്‍മാന് നല്‍കിയിരുന്നു. ട്രാക്ക് അറ്റകുറ്റപ്പണിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയാണ് മുസഫര്‍നഗര്‍ തീവണ്ടി അപകടത്തില്‍ വഴിവച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിന് പിന്നാലെ മിത്തല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു.

ഡല്‍ഹി റെയില്‍വെ ഡിവിഷണല്‍ മാനേജര്‍, നോര്‍തേണ്‍ റെയില്‍വെ ജനറല്‍ മാനേജര്‍ എന്നിവര്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. നോര്‍തേണ്‍ റെയില്‍വെ സോണ്‍ ട്രാക്ക് എന്‍ജിനിയറെ സ്ഥലംമാറ്റിയിരുന്നു. സീനിയര്‍ ഡിവിഷണല്‍ എന്‍ജിനിയര്‍ ആര്‍കെ വര്‍മ, അസിസ്റ്റന്റ് എന്‍ജിനിയര്‍ രോഹിത് കുമാര്‍, മുസഫര്‍നഗറിലെ സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ ഇന്ദര്‍ജിത്ത് സിങ്. ജൂനിയര്‍ എന്‍ജിനിയര്‍ പ്രദീപ് കുമാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.