ചണ്ഡീഗഡ്: സന്യാസിനിയെ മാനഭംഗപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിവാദ ആൾദൈവവും ദേരാ സച്ചാ സൗദ നേതാവുമായ ഗുർമീത് റാം റഹീം സിംഗിന് ഏർപ്പെടുത്തിയിരുന്ന ഇസഡ് കാറ്റഗറി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഗുർമീതിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.
അതിനിടെ, സിംഗിന്റെ സിർസയിലെ ആശ്രമമായ കുരുക്ഷേത്രയിൽ സൈന്യം പ്രവേശിച്ചു. ഏക്കർ കണക്കിന് വിസ്തീർണത്തിലുള്ള വമ്പൻ ആശ്രമത്തിൽ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരത്തോളം അനുയായികൾ തമ്പടിച്ചിട്ടുണ്ട്.
ആശ്രമത്തിൽ സൈന്യം ഫ്ളാഗ് മാർച്ച് നടത്തുകയും ആശ്രമത്തിലെ രണ്ട് ഓഫീസുകൾ പൂട്ടിക്കുകയും ചെയ്തു. ഗുർമീത് റാമിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതേതുടർന്നാണ് അന്തേവാസികളെ ഒഴിപ്പിച്ച് കെട്ടിടങ്ങൾ സീൽ ചെയ്തത്. ആശ്രമത്തിൽ നിന്ന് എ.കെ.47 തോക്ക് കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്‌റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, ഹരിയാനയിലെ ദേരാ സച്ച സൗദ കേന്ദ്രങ്ങളിൽ സർക്കാരിന്റെ നിർദ്ദേശപ്രകാരം പൊലീസ് പരിശോധന തുടങ്ങി. ആയുധങ്ങളും മറ്റും ഉണ്ടെങ്കിൽ അവ കണ്ടുകെട്ടാനും നിർദ്ദേശം നൽകിയതായി ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി രാം നിവാസ് പറഞ്ഞു. സിർസയിലെ പ്രധാന ആശ്രമത്തിലും പഞ്ച്കുള അടക്കമുള്ള മറ്റ് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്.
 
            


























 
				
















