കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആലുവ ജയിലിൽ കഴിയുന്ന ദിലീപിനെ കാണാൻ എത്തുന്ന സന്ദർശകരുടെ എണ്ണം കൂടുന്നു. എം.എൽ.എയും താരസംഘടനയായ ‘അമ്മ’യുടെ വെെസ് പ്രസിഡന്റുമായ ഗണേശ് കുമാർ ജയിലിലെത്തി ദിലീപിനെ കണ്ടു. കഴിഞ്ഞ ദിവസം ജയറാം, സംവിധായകൻ രഞ്ജിത്ത്, നടൻമാരായ സുരേഷ് കൃഷ്‌ണ, കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, ഏലൂർ ജോർജ് തുടങ്ങിയവരും ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു.
ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെ തുടർന്ന് തിരുവോണ നാളിലും ജയിലിൽ തുടരുന്ന സാഹചര്യത്തിലാണ് ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടത്. ദിലീപിനുള്ള ഓണക്കോടിയുമായാണ് ജയറാം ജയിലിലെത്തിയത്. എല്ലാ വർഷവും ദിലീപിന് ഓണക്കോടി നൽകുന്ന പതിവുണ്ടെന്നും ഈ വർഷവും അതു തുടരാനാണ് സന്ദർശനമെന്നും ജയറാം വ്യക്തമാക്കി.
അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളിൽ പങ്കെടുക്കാൻ അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന് അനുമതി നൽകിയതിന് പിന്നാലെയാണ് താരങ്ങളുടെ സന്ദർശനം. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ ജൂലൈ പത്തിന് അറസ്റ്റ് ചെയ്‌തത്. അങ്കമാലി കോടതിയിലും ഹൈക്കോടതിയിലുമായി മൂന്നു തവണ ജാമ്യത്തിന് ദിലീപ് അപേക്ഷിച്ചെങ്കിലും നിഷേധിക്കപ്പെട്ടു. അതേസമയം, ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 16 വരെ നീട്ടിയിട്ടുണ്ട്.











































