പള്ളിയുടെ ആള്‍ത്താരകളില്‍ (മദ്ബഹ) പുരുഷന്‍മാര്‍ക്കൊപ്പം ആരാധനകള്‍ നടത്താന്‍ സ്ത്രീകള്‍ക്കും അനുമതി നല്‍കണമെന്ന് സുപ്രീംകോടതി മുന്‍ ജഡജി കെ.ടി. തോമസ്. കാലത്തിന്റെ മാറ്റങ്ങളനുസരിച്ച് സഭകളും ഇക്കാര്യത്തില്‍ നിലപാട് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീകള്‍ ആള്‍ത്താരയില്‍ പ്രവേശിക്കുന്നതിനെ നിരോധിക്കുന്ന പരാമര്‍ശങ്ങള്‍ ഒന്നുംതന്നെ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് കെ.ടി.തോമസ് തുറന്നടിച്ചു.
തിരുവല്ല- കുറ്റപ്പുഴ ജെറുസലേം മാര്‍ത്തോമ്മാ പള്ളിയില്‍ നടന്ന മിഷനറിമാരും സഭയിലുള്ള നവോത്ഥാനവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യനീതിയും തുല്യ അവസരവും പ്രദാനം ചെയ്യുമ്പോഴാണ് സഭകള്‍ ലിംഗ അസമത്വം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് ആള്‍ത്താരയില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിക്കുന്നതിലൂടെ മൗലികാവകാശ ലംഘനമാണ് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ശരവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന കംപ്യൂട്ടര്‍ യുഗത്തിന് അനുസൃതമായുള്ള ബൈബിള്‍ വ്യാഖ്യാനങ്ങള്‍ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ബൈബിളിലെ 66 സുവിശേഷങ്ങളിലും സ്ത്രീകള്‍ക്ക് ആള്‍ത്താരയില്‍ പ്രവേശനം നിഷേധിക്കുന്ന വാചകങ്ങളോ വാക്യങ്ങളോ ഇല്ല പിന്നെന്തിനാണ് ഇത്തരം നിരോധനങ്ങള്‍. അഖിലലോക സഭാ കൗണ്‍സിലും കത്തോലിക്കാ സഭയും ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റവ. എബ്രഹാം ആര്യാല്‍, കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് മുന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. ഫിലിപ്പ് എന്‍. തോമസ്, റവ. എബ്രഹാം ഡി മാത്യു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സ്ത്രീകള്‍ക്ക് ആള്‍ത്താരയില്‍ പ്രവേശനം നല്‍കണം: കെ.ടി. തോമസ്
സ്ത്രീകള്‍ക്ക് ആള്‍ത്താര പ്രവേശനം നിഷേധിക്കുന്ന വാചകങ്ങള്‍ ഒന്നും ബൈബിളില്‍ ഇല്ല നിരോധനം ഭരണഘടനാ വിരുദ്ധവും മൗലികാവകാശ ലംഘനവും