ദിലീപിനെ പിന്തുണച്ച പി.സി. ജോര്‍ജിന് അടിപതറുന്നു; വാദങ്ങള്‍ മയപ്പെടുത്തി പൂഞ്ഞാര്‍ എം.എല്‍.എ

    ചാനല്‍ചര്‍ച്ചകളിലും വാര്‍ത്താ സമ്മേളനങ്ങളിലുമൊക്കെയായി ദിലീപിന് വേണ്ടി നിരന്തരം വാദിക്കുന്നവരാണ് പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും. കോടതികള്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടെത്തിയ ദിലീപിന് വേണ്ടി അച്ഛനും മകനും ഇത്ര ശക്തമായി വാദിക്കുന്നതിന് പിന്നിലെന്തെന്ന സംശയം പല കോണുകളില്‍ നിന്നായി ഉയരുന്നു.

    എന്നാല്‍ താന്‍ പറഞ്ഞതൊന്നുമല്ലത്രേ പുറത്ത് വന്നത്. ദിലീപ് വിഷയത്തില്‍ പുതിയതായി പിസി ജോര്‍ജ് ചില തിരുത്തലുകള്‍ വരുത്തിയിരിക്കുന്നു.

    ദിലീപിനെതിരായ കേസില്‍ കേരള പോലീസിലെ ചില നാറികളാണ് അന്വേഷണത്തിന് ചുക്കാന്‍ പിടിക്കുന്നത് എന്നാണ് താന്‍ പറഞ്ഞതെന്നും പിസി ജോര്‍ജ് പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യയ്‌ക്കെതിരെ പിസി ജോര്‍ജ് ഗുരുതര ആരോപണങ്ങള്‍ നേരത്തെ ഉന്നയിച്ചിരുന്നു.

    നടിയുടെ കേസില്‍ ദിലീപിനെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് പിസി ജോർജ് പലതവണ ആരോപിച്ചിട്ടുള്ളതാണ്. സിപിഎം നേതാവും മകനും പ്രമുഖ നടിയും എഡിജിപി ബി സന്ധ്യയും ചേര്‍ന്നാണ് നടിയുടെ കേസിലെ ദിലീപിന്റെ അറസ്റ്റിന് പിന്നില്‍ എന്നാണ് പിസി ജോര്‍ജ് ആരോപിക്കുന്നത്. നേരത്തെയും ഇതേ ആരോപണം പിസി ജോര്‍ജ് ഉന്നയിച്ചിട്ടുള്ളതാണ്.

    ദിലീപ് അകത്തായതിന്റെ പിന്നില്‍ സിപിഎം ഉന്നത നേതാവിന്റെ മകനാണ്. മഞ്ജു വാര്യരുടെ പുതിയ സിനിമയില്‍ ഇയാള്‍ക്ക് നായക വേഷം വാഗ്ദാനം ചെയ്തിരുന്നു. ദിലീപിനെ കുടുക്കാന്‍ അയാള്‍ കൂട്ടുനില്‍ക്കുന്നത് ഇക്കാരണം കൊണ്ടാണെന്നും പിസി ജോര്‍ജ് ആരോപിച്ചിരുന്നു.

    നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്നത് വട്ടിളകിയ പോലീസുകാരാണ് എന്നും പിസി ജോർജ് പറഞ്ഞിരുന്നു. ബി സന്ധ്യയുടെ സ്വാധീനം കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ നേര്‍ക്കുണ്ടെന്നും പിസി ജോര്‍ജ് ആരോപിച്ചു. ദിലീപിന്റെ മുന്‍ ഭാര്യയും ഫിലിം എക്‌സിബിറ്റേഴ്‌സ് നേതാവും അടക്കമുള്ളവര്‍ ചേര്‍ന്നാണ് ദിലീപിനെ അറസ്റ്റ് ചെയ്യിച്ചതെന്ന വാദം പിസി ജോര്‍ജ് ആവര്‍ത്തിക്കുകയുണ്ടായി.

    ദിലീപ് അറസ്റ്റിലായി ഇത്രയും നാള്‍ കഴിഞ്ഞിട്ടും അയാള്‍ക്ക് ജാമ്യം നല്‍കാത്തത് എന്തുകൊണ്ടാണ് എന്ന് കോടതി വ്യക്തമാക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെടുകയുണ്ടായി. ഏറ്റവും മാന്യമായ പോലീസ് സേനയുള്ള കേരളത്തില്‍ ഒരുകൂട്ടം വട്ടിളകിയ ഉദ്യോഗസ്ഥര്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ടെന്നും പിസി പറഞ്ഞിരുന്നു

    ദിലീപിന് ജാമ്യം ലഭിക്കാത്തതിന്റെ കാരണം കേരളത്തില്‍ നട്ടെല്ലുള്ള ജഡ്ജിമാരില്ലാത്തത് ആണെന്നും പിസി ജോര്‍ജ് വിമര്‍ശനം ഉന്നയിച്ചിരുന്നു. നട്ടെല്ലുള്ള ജഡ്ജിമാരുണ്ടെങ്കില്‍ ദിലീപിന് ജാമ്യം ലഭിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും പിസി ജോര്‍ജ് പറയുകയുണ്ടായി.

    സിനിമയില്‍ ദിലീപിനുള്ള വളര്‍ച്ച പലരേയും അസ്വസ്ഥരാക്കിയിട്ടുണ്ട്. സ്വന്തം അധ്വാനം കൊണ്ട് വളരുകയും സിനിമാലോകം പിടിച്ചെടുക്കുകയും ചെയ്ത വ്യക്തിയാണ് ദിലീപ്. തുടക്കത്തില്‍ സാമ്പത്തികമായി ഒന്നുമില്ലാത്ത വ്യക്തി ആയിരുന്നു ദിലീപെന്നും പിസി പറഞ്ഞിരുന്നു.

    മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് പോലും പിടിച്ചാല്‍ കിട്ടാത്ത ഉയരത്തിലേക്കാണ് ദിലീപ് വളര്‍ന്നത്. ഇത് പലരേയും അസ്വസ്ഥരാക്കി. പാവങ്ങള്‍ക്ക് ലക്ഷങ്ങള്‍ ചെലവാക്കി വീട് വെച്ച് നല്‍കുന്ന വ്യക്തിയാണ് ദിലീപെന്നും പിസി ജോര്‍ജ് ഓര്‍മ്മപ്പെടുത്തുകയുണ്ടായി.

    നിരവധി ജീവകാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുന്ന വ്യക്തിയാണ് ദിലീപ്. എട്ട് ലക്ഷം രൂപയില്‍ അധികം ചെലവ് വരുന്ന എണ്‍പതോളം വീടുകള്‍ പാവങ്ങള്‍ക്ക് അദ്ദേഹം വെച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ആരും പുറത്ത് പറയുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.

    ദിലീപിനെതിരെ മൊഴി നല്‍കാന്‍ അന്വേഷണ സംഘം നാദിര്‍ഷയെ ഭീഷണിപ്പെടുത്തുകയാണ് എന്നും പിസി ജോര്‍ജ് ആരോപിച്ചു. ദിലീപും സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന് പറയാനാണ് നാദിര്‍ഷയെ പോലീസ് നിര്‍ബന്ധിക്കുന്നത്. ഈ കേസിലെ സത്യം തെളിയണമെങ്കില്‍ ദിലീപ് പുറത്ത് വരണമെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു.

    ദിലീപ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ആലുവയിലെ കോണ്‍ഗ്രസ്സിന്റെ വിജയത്തിന് പിന്നില്‍ ദിലീപ് വ്യക്തമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ ദിലീപിനോട് സിപിഎമ്മിലുള്ളവര്‍ക്ക് വിരോധമുണ്ടെന്നും പിസി ജോര്‍ജ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറയുകയുണ്ടായി.