കാസര്‍കോട്: മക്കളെയും വീടും ഉപേക്ഷിച്ച് കാമുകനോടൊപ്പം നാടുവിട്ട ഇംഗ്ലീഷ് മീഡിയം അധ്യാപികയെ മലപ്പുറം പൊന്നാനിയിലെ മതപഠനകേന്ദ്രത്തില്‍ പോലീസ് കണ്ടെത്തി. സെപ്തംബര്‍ 11ന് കാണാതായ കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിനിയും മേല്‍പ്പറമ്പ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അധ്യാപികയുമായ ജയശ്രീ (32) യെയാണ് മതപഠനകേന്ദ്രത്തില്‍ കണ്ടെത്തിയത്. ജയശ്രീയെ പോലീസ് ബുധനാഴ്ച രാവിലെ കാസര്‍കോട്ടെത്തിച്ചു.
ജയശ്രീയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. കാസര്‍കോട് മരവയലില്‍ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം ജയശ്രീ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു.
സെപ്തംബര്‍ 11ന് രാവിലെ പതിവുപോലെ ജയശ്രീ മേല്‍പ്പറമ്പിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്ക് പോയെങ്കിലും പിന്നീട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും യുവതിയെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ ഇരുപത്തിരണ്ടുകാരനായ ഫഹദിനോടൊപ്പം ജയശ്രീ വീടുവിട്ടതായി തെളിഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ജയശ്രീ പൊന്നാനിയിലെ മതപഠനകേന്ദ്രത്തിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഫഹദിനെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.