തിരുവനന്തപുരം: വിവാഹത്തിന് വേണ്ടി മതംമാറരുതെന്ന് കേരളത്തിലെ പെണ്‍കുട്ടികളോട് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. അത്തരത്തിലുള്ള മതംമാറ്റം വ്യക്തിത്വം അടിയറ വയ്ക്കലാണ്. കേരളത്തിലെ പെണ്‍കുട്ടികള്‍ മാറിചിന്തിയ്ക്കണമെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച ‘മാദ്ധ്യമരംഗത്തെ സ്ത്രീവിരുദ്ധത’ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ജോസഫൈന്‍ പറഞ്ഞു.
ഹാദിയ വിഷയത്തില്‍ പെണ്‍കുട്ടിയെ കുരുക്കിട്ട് രണ്ടുവശത്തുനിന്നും വലിയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. തലാഖിന്റെ ഇരയെക്കുറിച്ചും ഗുര്‍മീത് റാം റഹിമിനെക്കുറിച്ചും സംസാരിക്കാത്തവരാണ് അഖില ഹാദിയയ്ക്കു വേണ്ടി വാദിക്കുന്നത്. ഹാദിയയെ താന്‍ അഖില ഹാദിയ എന്നു തിരുത്തുകയാണ്. ഈ കേസില്‍ കമ്മീഷന്‍ ഹൈക്കോടതിയ്ക്കെതിരെ സംസാരിച്ചിട്ടില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
മാദ്ധ്യമരംഗത്തെ സ്ത്രീ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിരുദ്ധമായ പ്രവണതകളിലും എം.സി ജോസഫൈന്‍ വിമര്‍ശനമുന്നയിച്ചു. കറുത്ത നിറമുള്ളവര്‍ വിവേചനം നേരിടുന്നുണ്ട്. സ്‌ക്രീന്‍ പ്രസന്‍സിന് വേണ്ടി അവിഹിതമായ ഇടപെടലിന് പ്രേരിപ്പിക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാദ്ധ്യമരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഇടപെടും. കമ്മീഷന്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാറിനോട് ഉടന്‍ ആവശ്യപ്പെടും. എല്ലാ മാദ്ധ്യമസ്ഥാപനങ്ങളും സ്ത്രീപക്ഷ മാദ്ധ്യമനയം രൂപീകരിക്കണം.
സാസ്‌കാരിക കേരളം ജിമിക്കി കമ്മലില്‍ കുടുങ്ങിക്കിടക്കുകയാണ്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ കലാലയങ്ങളിലേക്ക് പോകുമെന്നും എം.സി ജോസഫൈന്‍ പറഞ്ഞു.











































