തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിന് സ്ഥലം അനുവദിക്കും

തിരുവനന്തപുരം: ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ഗുണകരമാകുന്ന യുഎഇ കോണ്‍സിലേറ്റിന് തലസ്ഥാനത്ത് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ ഭൂമി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭാ യോഗമാണ് 70 സെന്റ് സ്ഥലം 90 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചത്.

കേന്ദ്രസര്‍ക്കാര്‍ യുഎഇ എംബസിക്കും കോണ്‍സുലേറ്റിനും സ്ഥലം നല്‍കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരിക്കും പേരൂര്‍ക്കട വില്ലേജില്‍ സ്ഥലം അനുവദിക്കുക. കൂടാതെ, വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററിന്, എ.പി.ജെ.അബ്ദുള്‍ കലാം നോളജ് സെന്ററും മ്യൂസിയവും സ്ഥാപിക്കുന്നതിനായി പേരൂര്‍ക്കടയില്‍ 75 സെന്റ് സ്ഥലം 30 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കും.

കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ (അഞ്ചരക്കണ്ടി) 201617 വര്‍ഷം പ്രവേശനം നേടിയ 150 വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി വി.എസ്. സെന്തിലിനെ (കോഓഡിനേഷന്‍) ഒക്ടോബര്‍ ഒന്നുമുതല്‍ നിയമിക്കാനും തീരുമാനിച്ചു.

അഴീക്കല്‍ തുറമുഖ വികസനത്തിന് പ്രത്യേക കമ്പനി രൂപവത്കരിക്കും. മലബാര്‍ മേഖലയുടെ വികസനത്തിന് ഉതകുന്ന ആഴക്കടല്‍ തുറമുഖമായി അഴീക്കല്‍ വികസിപ്പിക്കുന്നതിനാണ് കമ്ബനി രൂപവത്കരിക്കുന്നത്. ചെന്നൈ, ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി കൊച്ചിവരെ ദീര്‍ഘിപ്പിക്കും. ഇതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിനെ കണ്‍സള്‍ട്ടന്റായി നിയമിക്കാന്‍ തീരുമാനിച്ചു.