തോന്ന്യാക്ഷരങ്ങൾ

മാതാവിനേയും പിതാവിനേയും സ്മരിച്ച് ഗുരു ക്ളാസിലേക്ക് കയറി..താളത്തിൽ ഹാജരെടുത്തു തുടങ്ങി.അ…ആ….ഇ…….ഇടുങ്ങിയ ക്ളാസ്സുമുറിയിൽ തിങ്ങിഞെരുങ്ങി അവർ ഇരുന്നു.സെഡിലെ ബഞ്ചിൽ വരാന്തയും സ്വപ്നം കണ്ട് ചിഹ്നങ്ങളും ചില്ലും…കൂട്ടുകളും ഞെളിപിരികൊണ്ടു.എത്ര എഴുത്തിനിരുത്തിയിരിത്തിയിട്ടും നന്നാവില്ലാന്ന് വാശിപിടിച്ചതുകൊണ്ട് …ി…ീ…….െ…..േ….ാ….ൊ…..ോ………വരാന്തയിലേയ്ക്ക് എറിയപ്പെട്ടു….ിം…….ീം വരാന്തയിലിരുന്നു കൊഞ്ഞനം കുത്തിക്കളിച്ചു.കെട്ടിമറിഞ്ഞ് ൊ..യും…ോ യും അപ്പോഴേയ്ക്കും മുറ്റത്ത് വീണിരുന്നു.
ഭിന്നശേഷിയുള്ള’ ഋ’ തന്റെ ആകാരമോർത്ത് നെടുവീർപ്പിട്ടു. ആർക്കും വേണ്ടല്ലോന്നുള്ള തോന്നൽ പലപ്പോഴും അവനേ നോവിച്ചു.പുറകിലെ ബഞ്ചിൽ ഇരുന്നു സെറ്റുകൂടി കൊത്തങ്കല്ല് കളിച്ചതിനാണ് ‘ങ്ക’യും ന്തയും ‘ഞ’യും’ഞ്ഞ’യും വരാന്തയിലേക്ക് പോയത്. കനത്ത മഴയത്ത് വീശിയടിച്ച കാറ്റിൽ തൂളിയേറ്റ് പനി പിടിച്ച് എത്ര ദിവസമാണ് സ്കൂളിൽ പോകാതിരുന്നത്…..
ശശാങ്കൻ മാഷ് ക്ലാസ്സിൽ വരുന്നത് തന്നെ ‘ഷ’യും ‘ശ’യും ഗുസ്തി പിടിക്കുന്നതിന്റെ ഇടയിലെ
റഫറിയുടെ റോൾ നിർവ്വഹിക്കുന്നതിനാണ്.മാഷിന്റെ മീശത്തുമ്പിൽ “ദോഷ തിന്നാനുള്ള ആഷ തൂങ്ങിക്കിടന്നു.ഇപ്പുറത്തെ ബഞ്ചിൽ ഇരിക്കുന്ന “യ” അങ്ങേ അറ്റത്തെ ബഞ്ചിൽ ഇരിക്കുന്ന “ഴ”യെ എപ്പോഴും ഇടങ്കണ്ണിട്ട് നോക്കുന്നതിന് ഇന്നാളും മാഷ് വഴക്കു പറഞ്ഞതാണ്. സൂസിടീച്ചർ
കണ്ണുരുട്ടുന്നതുകൊണ്ട് “സ” എന്നും മിടുക്കിയാണ്.
പതിവുപോലെ ഇന്നും “ങ” വന്നില്ല.വരാതിരുന്നതിന്റെ കാരണം ചോദിച്ചാൽ ‘വന്നിട്ടും വല്ല്യകാര്യൊന്നുമില്ലെന്ന് മാഷ് തന്നല്ലേ പറഞ്ഞത് ‘ങേ’ എന്നാവും മറുപടി.
ഉച്ചക്കഞ്ഞിയുടെ മേൽ നോട്ടം ഠ,ഡ,ഢ യ്ക്കാണ്.വരിതെറ്റി വരുന്നവനെ ധൈര്യമായി ട്ട് ഫ,ബ,ഭ വിളിക്കാലോ.മിക്കവാറും ‘മ’ അത് കേൾപ്പിക്കാറുമുണ്ട്.ഉച്ച കഴിഞ്ഞ് ക്ലാസ്സിൽ ഇരന്ന് ഉറക്കം തൂങ്ങുന്നതിന് ‘ഛ’യും ,’ഝ’യും ബഞ്ചിൽ നിൽപാണ് പാവങ്ങൾ !.ഉച്ചയ്ക്ക് ഇന്റർവെല്ലിന് മൂത്രമൊഴിക്കാൻ പുറത്തേക്ക് ഓടിയപ്പോൾ ‘ഖ’യും ‘ഘ’യും കൂട്ടിയിടിച്ച് ‘ഘ’യുടെ നെറ്റി അല്പം മുഴച്ചിട്ടുണ്ട്.ദേശീയ ഗാനം ആലപിക്കുന്നതിന് “ഥ’ “ദ” “ന'” പോയ തക്കത്തിന് വള്ളി പുള്യാദികൾ ബാഗെടുക്കാൻ വാരാന്തയിൽ നിന്ന് ക്ളാസ്സിലേക്ക് ഓടിക്കേറി.ഈ വർഷം ഇവരെ എഴുത്തിനിരുത്തും എന്നോലോചിച്ചുനിൽക്കുമ്പോൾ കൂട്ടമണി മുഴങ്ങി.
തോന്ന്യാക്ഷരങ്ങൾ തിക്കിതിരക്കി പുറത്തേയ്ക്കോടി.

ശ്രീലക്ഷ്മി