ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

ലഖ്‌നൗ: പാര്‍ട്ടിയിലെ പടലപ്പിണക്കം രൂക്ഷമായി നിലനില്‍ക്കുന്നതിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഗവര്‍ണര്‍ രാം നായിക്കുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിനിടെയാണ് അഖിലേഷ് ഗവര്‍ണറെ സന്ദര്‍ശിക്കാനായി പോയത്.

പാര്‍ട്ടിയിലെ തമ്മിലടി ഭരണപ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായ സന്ദര്‍ശനം രാഷ്ട്രീയരംഗം ഗൗരവത്തോടെയാണ് കാണുന്നത്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ അഖിലേഷ് ഗവര്‍ണറെ ബോധിപ്പിച്ചതായി രാജ്ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

അതിനിടെ പാര്‍ട്ടിയും മുഖ്യമന്ത്രിയും പരസ്പരം പുറത്താക്കല്‍ പോര് തുടരുകയാണ്. അഖിലേഷിന്റെ അടുത്ത അനുയായിയും മന്ത്രിയുമായ പവന്‍ പാണ്ഡെയെ ഇന്ന് ശിവ്പാല്‍ യാദവ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി ദേശീയാധ്യക്ഷന്‍ മുലായം സിംഗ് യാദവാണ് ഇക്കാര്യം അറിയിച്ചത്. പാണ്ഡെയെ മന്ത്രിസഭയില്‍ നിന്നും നീക്കംചെയ്യാനും മുലായം ആവശ്യപ്പെട്ടു. പാര്‍ട്ടിയിലെ കുടുംബപ്പോരിന്റെ അവസാനത്തെ ഇരയാണ് പവന്‍ പാണ്ഡെ.

നവംബര്‍ മൂന്നിന് തുടങ്ങാന്‍ നിശ്ചയിച്ചിരിക്കുന്ന രഥ് യാത്രയുടെ അവസാനവട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് എംഎല്‍എമാരുടെ യോഗം അഖിലേഷ് വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് അഖിലേഷ് ഗവര്‍ണറെ സന്ദര്‍ശിക്കാനായി പോയത്.

പുറത്താക്കിയ നാലുമന്ത്രിമാര്‍ക്ക് പകരക്കാരെ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് ഗവര്‍ണറെ സന്ദര്‍ശിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശിവ്പാല്‍ യാദവ്, ഒാം പ്രകാശ് സിംഗ്, നാരദ് റായ്, സായിദ ഷദാബ് ഫാത്തിമ എന്നിവരെയാണ് കഴിഞ്ഞ ദിവസം അഖിലേഷ് പുറത്താക്കിയത്.

മുഖ്യമന്ത്രി അഖിലേഷ് യാദവും അച്ഛനും പാര്‍ട്ടി ദേശീയാധ്യക്ഷനുമായ മുലായം സിംഗ് യാദവും തമ്മിലുള്ള സ്വരച്ചേര്‍ച്ച ഇല്ലായ്മയാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്നത്. സെപ്തംബര്‍ മാസത്തില്‍ അഖിലേഷിനെ സംസ്ഥാന അധ്യക്ഷപദത്തില്‍ നിന്നും നീക്കി പകരം ശിവ്പാല്‍ യാദവിനെ ആ സ്ഥാനത്ത് കൊണ്ടുവന്നിരുന്നു. ഇതോടെയാണ് പോര് രൂക്ഷമായത്.