അമിത് ഷാ ആട്ടിന്‍ തോലിട്ട ചെന്നായയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗുജറാത്തില്‍ നടന്ന വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയവരാണ് നരേന്ദ്രമോദിയും അമിത് ഷായുമെന്ന് കോടിയേരി പറഞ്ഞു. അമിത് ഷായുടെ കൈയില്‍ വംശഹത്യയുടെ ചോരക്കറ ഇപ്പോഴുമുണ്ട്. ഇങ്ങനെയുള്ളയാളാണ് കേരളത്തെ കുറ്റപ്പെടുത്തുന്നത് – കോടിയേരി പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ വേങ്ങരയിൽ വന്ന് പദയാത്ര നടത്തി ബിജെപി സ്ഥാനാർഥിയെ വിജയിപ്പിക്കാൻ വെല്ലുവിളിക്കുന്നെന്നും കോടിയേരി പറഞ്ഞു.
കേരളമടക്കം സിപിഐഎമ്മിന് സ്വാധീനമുള്ള എല്ലാ സംസ്ഥാനങ്ങളിലും അക്രമവും കൊലപാതകങ്ങളുമാണ് നടക്കുന്നതെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. ഇന്നലെ പയ്യന്നൂരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരംഭിച്ച ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്താണ് സിപിഐഎമ്മിനെ അമിത് ഷാ കുറ്റപ്പെടുത്തിയത്. സിപിഐഎം ഭരണത്തിലിരിക്കുന്ന സ്ഥലങ്ങളിൽ അക്രമവും കൊലപാതകവും പതിവാണെന്നും അദ്ദേഹം പറഞ്ഞു. ആര് അക്രമം നടത്തിയാലും അത് കാണാനുള്ള കണ്ണ് മനുഷ്യാവകാശ പ്രവർത്തകർക്ക് ഉണ്ടാകണമെന്ന് ബിജെപി അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു.
ആട് ഇല കടിക്കുന്നതു പോലെയാണ് അമിത്ഷാ യാത്ര നടത്തുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പരിഹസിച്ചിരുന്നു. ഒരു സ്ഥലത്ത് നിന്ന് ഇല കടിച്ച ശേഷം മറ്റൊരിടത്തു പോയി വീണ്ടും ഇല കടിക്കുന്നതാണ് ആടിന്റെ രീതി. അതുപോലെയാണ് പയ്യന്നൂരിൽ നിന്ന് പിലാത്തറ വരെ നടന്നിട്ട് അടുത്ത ദിവസം വിശ്രമെന്നും കോടിയേരി പറഞ്ഞു. ഇന്നലെ
പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെയുള്ള 9 കിലോമീറ്റര്‍ ദൂരം കുമ്മനം രാജശേഖരനൊപ്പം അമിത്ഷായും യാത്രക്കൊപ്പം പങ്കെടുത്തിരുന്നു. വ്യാഴാഴ്ച ധര്‍മ്മടം മുതല്‍ തലശ്ശേരി വരെയും അമിത് ഷാ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനെയാണ് കോടിയേരി പരഹസിച്ചത്.
 
            


























 
				
















