പ്രധാനമന്ത്രി ക്ഷണിച്ചു; പാലക്കാട്ടുകാരി സൈറാബാനു ഡൽഹിയിലേക്ക്

പ്രധാനമന്ത്രി ആവാസ് യോജന ഭവന നിർമാണ പദ്ധതിയിൽ റെക്കോഡ് വേഗതയിൽ വീടു പണി പൂർത്തീകരിച്ച സൈറാബാനുവിന് ഡൽഹിയിലേക്കു പ്രധാനമന്ത്രിയുടെ ക്ഷണം. പുതുനഗരം പഞ്ചായത്തിൽ കരിപ്പോട് പറയൻ കൊളുമ്പിൽ ബ്രാംസായുടെ ഭാര്യ സൈറാ ബാനുവിനും മക്കളായ മനാഫ്, ഫെമിന എന്നിവർക്കും ഇത് ആഹ്ലാദകരമായി. ഈ മാസം പത്തിന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഇവർ ഏഴിനു പുറപ്പെടും.

ഭവന നിർമാണ അനുമതിയും ആദ്യ ഗഡുവും ലഭിച്ച അന്നു മുതൽ തുടങ്ങിയതാണ് വീടിനായുള്ള കഠിന പ്രയത്നം. സർക്കാർ സഹായത്തിനൊപ്പം കടം വാങ്ങിയും സ്വരുക്കൂട്ടി വച്ചതുമെല്ലാമായി പണി ആരംഭിച്ചു. ഒപ്പം വി ഇ ഒ മുതൽ ബ്ലോക് ഓഫിസിലുള്ള ജീവനക്കാരുടെ സഹകരണവും തങ്ങൾക്കു കരുത്തേകിയെന്ന് ഇവർ പറയുന്നു. തൊണ്ണൂറു ദിവസത്തെ പഞ്ചായത്തു പണിയും വീടിനായി ലഭിച്ചു. അങ്ങിനെ സർക്കാർ നിശ് ചയിച്ച സമയപരിധിക്കും മുമ്പായി വെറും 188 ദിവസം കൊണ്ടാണു വീടുപണി പൂർത്തീകരിച്ചത്.

കേരളത്തിൽ നിന്ന് ഇത്തരത്തിലുള്ള നേട്ടം കൈവരിച്ച ഏഴു പേർക്കാണു പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചത്. പാലക്കാട് ജില്ലയിൽ നിന്നുള്ള ഏക വ്യക്തിയാണ് സൈറാബാനു. വായ്പയെടുത്ത കാശിൽ പെട്ടി ഓട്ടോ വാങ്ങി കരിപ്പോട് ജംക്ഷനിൽ ഓടിക്കുകയാണ് ബ്രാംസ. ഭാര്യ സൈറാബാനു മുമ്പ് നഴ്സ്, ലാബ് ടെക് നഷ്യൻ ജോലിക്കു പോയിരുന്നതാണ്. ജീവിതത്തിന്റെ ദുരിതനാളുകളിൽ അമ്മ ദാനമായി നൽകിയ മൂന്നര സെന്റ് സ്ഥലത്ത് ഓലക്കുടിൽ നിന്ന സ്ഥലത്താണിപ്പോൾ പുത്തൻവീട് തലയുയർത്തിയത്.

ഡൽഹിയിലേക്കുള്ള യാത്രയ്ക്കുള്ള ചെലവ് സർക്കാരാണു വഹിക്കുന്നത്. എന്നാൽ ബിപിയും അലർജിയും പ്രശ്നമുള്ള ഭാര്യയെ തനിച്ചു വിടാൻ ബ്രാംസയ്ക്കു മനസു വരുന്നില്ല. അദ്ദേഹവും അനുഗമിക്കുന്നുണ്ട്. ഒരാഴ്‌ചയോളമുള്ള യാത്രയ്ക്കും മറ്റു ചെലവുകൾക്കുമായുള്ള ഓട്ടത്തിലാണിപ്പോൾ ബ്രാംസ.