ക്വിറ്റോ: എല്ലാം തീർന്നെന്ന് കരുതിയിടത്തു നിന്ന് ഒരു ഉയർത്തെഴുന്നേൽപ്പ്. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ ഇക്വഡോറിനെ കെട്ടുകെട്ടിച്ച മെസിപ്പടയുടെ പ്രകടനത്തെ ഇങ്ങനെയല്ലാതെ വിശേഷിപ്പിക്കാനാവില്ല. ഇക്വഡോറിന്‍റെ ഒന്നിനെതിരെ മൂന്ന് ഗോളുകൾ നേടി മത്സരത്തിൽ അർജന്‍റീന നേടിയത് തകർപ്പൻ ജയം.
ഹാട്രിക് നേടിയ സൂപ്പർ താരം ലയണൽ മെസിയാണ് അർജന്‍റൈൻ ടീമിന് ലോകകപ്പിലേക്ക് ചിറകു നൽകിയത്. ആദ്യ പകുതിൽ 2-1ന് മുന്നിട്ടു നിന്ന അർജന്‍റീന രണ്ടാം പകുതിയിൽ ഒരുവട്ടം വട്ടംകൂടി ഇക്വഡോർ വലകുലുക്കി ഗോൾ പട്ടിക പൂർത്തിയാക്കി.
ലാറ്റിനമേരിക്കൻ മേഖലയിൽ നിന്ന് ബ്രസീലും ഉറുഗ്വെയും നേരത്തെ തന്നെ ലോകകപ്പ് കളിക്കാനുള്ള ടിക്കറ്റ് നേടിയിരുന്നു. ഇരുടീമുകൾക്കും പിന്നിൽ മൂന്നാമതായാണ് അർജന്‍റീന ലോകകപ്പിന് യോഗ്യത നേടിയത്. ബ്രസീലിന് 41ഉം ഉറുഗ്വയ്ക്ക് 31ഉം അർജന്‍റീനയ്ക്ക് 28ഉം പോയിന്‍റാണുള്ളത്. സമനില പോലും പുറത്തേക്കുള്ള ചൂണ്ടുവിരലായേക്കാമായിരുന്ന മത്സരത്തിൽ 11, 18, 62 മിനിറ്റുകളിലാണ് മെസിമാജിക് ഫുട്ബോൾ ലോകം ശരിക്കും കണ്ടത്.
മേഖലയിലെ മറ്റ് മത്സരങ്ങളിൽ ബ്രസീൽ ചിലിയേയും ഉറുഗ്വ ബൊളീവിയയേയും പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ ചിലിയെ തോൽപിച്ചത്. ഉറുഗ്വ ബൊളീവിയയെ തോൽപിച്ചതാകട്ടെ രണ്ടിനെതിരെ നാല് ഗോളുകൾക്കും. അർജന്‍റീന ഇക്വഡോറിനെ തോൽപിച്ചതാനാൽ ജയം അനിവാര്യമായിരുന്ന പെറുവിന് പക്ഷേ, ബോളീവിയയോട് സമനില (1-1) വഴങ്ങേണ്ടി വന്നു. പ്ലേഓഫിൽ ന്യൂസിലാൻഡിനോടായിരിക്കും പെറു മത്സരിക്കുക.
 
            


























 
				




















