കോണ്‍ഗ്രസുമായി കൂട്ടുവേണ്ടെന്ന സിപിഎം
പിബി നിലപാട് കേന്ദ്രകമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി സീതാരാം യെച്ചൂരി അവതരിപ്പിക്കില്ല. പിബി ഭൂപിപക്ഷ രേഖയോട് യോജിപ്പില്ലെന്ന് യെച്ചൂരി നിലപാടെടുത്തതതോടെയാണ് ഈ തീരുമാനം. പിബി ഭൂപിപക്ഷ നിലപാട് അവതരിപ്പിക്കുന്നത് മുന്‍ ജനറല്‍ സെക്രട്ടറി പ്രാകാശ് കാരാട്ടാണ്.ഇതിനോട് വിയോജിക്കുന്ന രേഖ യെച്ചൂരി അവതരിപ്പിക്കും.
കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന നിലപാടില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വേണ്ടെന്ന നിലപാടില്‍ പോളിറ്റ് ബ്യൂറോയും ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര കമ്മിറ്റി കൂടുന്നത്.
കേരളഘടകത്തിന്റെ തീരുമാനത്തിന് വിപരീതമായി നയം മാറ്റം വേണമെന്ന യെച്ചൂരിയുടെ നിലപാടിനെ വിഎസ് അച്യുതാനന്ദന്‍ സിസിയില്‍ പിന്തുണയ്ക്കും എന്നാണ് ലഭിക്കുന്ന സൂചന. കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന ആശയം തള്ളിക്കളഞ്ഞ പിബി തീരുമാനത്തോടുള്ള അതൃപ്തി സീതാറാം യെച്ചൂരി പരസ്യമാക്കിയിരുന്നു. കേന്ദ്രകമ്മിറ്റിയാണ് അവസാന തീരുമാനം എടുക്കുന്നത് എന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
നയം മാറ്റം അനിവാര്യമാണ് എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പശ്ചിമബംഗാള്‍ ഘടകം. പിബിയിലേയും സിസിയിലേയും പ്രധാന ശക്തിയായ കേരളഘടകം നയം മാറ്റത്തിനെ ശക്തമായി എതിര്‍ക്കുകയാണ്. കേരളത്തില്‍ ഇത് ഇടതുസര്‍ക്കാരിന് തിരിച്ചടിയാകുമെന്നും തക്കംപാര്‍ത്തിരിക്കുന്ന ബിജെപിയ്ക്ക് വളരാന്‍ അവസരം ഒരുക്കലാകുമെന്നും കേരളഘടകം വാദിക്കുന്നു. അതേസമയം, തെലങ്കാന,തമിഴ്‌നാട്,ആന്ധ്രാ ഘടകങ്ങളില്‍ രണ്ട് നിലപാടുണ്ട്. ഇതിലാണ് യെച്ചൂരിയുടേയും ബംഗാള്‍ ഘടകത്തിന്റെയും പ്രതീക്ഷ. വോട്ടെടുപ്പ് നടന്നേക്കാനും സാധ്യതയുണ്ട്.
 
            


























 
				
















