രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ

ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ അറിയിച്ചു. എന്തുകൊണ്ടാണ് ഒരു ജില്ലയില്‍ മാത്രം ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങളെന്ന് ഹൈക്കോടതി ആരാഞ്ഞു. സര്‍ക്കാര്‍ ഈ മാസം 25ന് മറുപടി സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു.

കുടുംബവഴക്കുകള്‍ മൂലമുള്ള കൊലപാതകം വരെ രാഷ്ട്രീയമായി ചിത്രീകരിക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു. സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഏഴു കേസുകളുടെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് തലശേരിയിലെ ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

2016 ഒക്ടോബര്‍ 12ന് പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനായ രഞ്ജിത്ത് കൊല്ലപ്പെട്ട കേസ്, 2017 ജനുവരി 18ന് ധര്‍മ്മടം അണ്ടലൂരില്‍ ബിജെപി പ്രാദേശിക നേതാവ് സന്തോഷ് കുമാര്‍ കൊല്ലപ്പെട്ട കേസ്, 2016 ജൂലായ് 12ന് ബിഎംഎസ് പ്രാദേശിക നേതാവ് സികെ രാമചന്ദ്രന്‍ കൊല്ലപ്പെട്ട കേസ്, 2017 മേയ് 12ന് പയ്യന്നൂരില്‍ പാലക്കോട് മുട്ടം പാലത്തിനു സമീപം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ട കേസ്, 2016 ഡിസംബര്‍ 28 ന് പാലക്കാട് കഞ്ചിക്കോട്ട് വിമലയും രാധാകൃഷ്ണനും കൊല്ലപ്പെട്ട കേസ്, 2017 ഫെബ്രുവരി 18ന് കൊല്ലം ജില്ലയിലെ കടയ്ക്കലില്‍ ബിജെപി പ്രാദേശിക നേതാവും റിട്ട. എസ്‌ഐയുമായ രവീന്ദ്രന്‍ പിള്ള കൊല ചെയ്യപ്പെട്ട കേസ്, 2017 ജൂലൈ 29ന് തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷ് കൊല്ലപ്പെട്ട കേസ് എന്നിവ സിബിഐ അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

രാഷ്ട്രീയ കൊലക്കേസുകളില്‍ നടക്കുന്ന അന്വേഷണം നിരീക്ഷിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഏഴ് കൊലക്കേസുകളിലും ഭരണ മുന്നണിയിലെ മുഖ്യ കക്ഷിയില്‍പെട്ടവരാണ് പ്രതികളെന്നു ഹര്‍ജി പറയുന്നു. രാഷ്ട്രീയ കൊലപാതക പരമ്പര സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തിനു ഭീഷണിയാണ്. ഭരിക്കുന്ന പാര്‍ട്ടിയിലെ അംഗങ്ങള്‍ പ്രതികളായ കേസുകളില്‍ അന്വേഷണം ശരിയല്ലാത്തതിനാല്‍ വിചാരണ വേളയില്‍ ഇവരെ വെറുതേ വിടുന്ന സ്ഥിതിയുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.