നേര്‍ച്ചകള്‍ അവസാനിക്കുന്നില്ല; വ്രതമെടുത്ത് ഇരുമുടിക്കെട്ടേന്തി ദിലീപ് മല ചവിട്ടി; നടനെ സ്വീകരിച്ച് മേല്‍ശാന്തിമാര്‍

    നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി. നാലു പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്. സന്നിധാനത്തും മാളികപ്പുറത്തും ദര്‍ശനം നടത്തിയ ദിലീപ് നെയ്യഭിഷേകവും പുഷ്പാര്‍ച്ചനയും നടത്തിയ ശേഷമാണ് മടങ്ങിയത്.

    ഇന്നലെ വൈകിട്ടോടെ പമ്പയിലെത്തിയ താരം രാത്രിയോടെ മല ചവിട്ടുകയായിരുന്നു. വ്രതമെടുത്ത് ഇരുമുടിക്കെട്ടേന്തിയാണ് ദിലീപ് മല ചവിട്ടിയത്. ഇന്ന് പുലർച്ചയായിരുന്നു ക്ഷേത്ര ദര്‍ശനം. ദിലീപിനെ മേല്‍ശാന്തിമാര്‍ പുതുമന ഗണപതിയുടെ ചിത്രം നല്‍കി സ്വീകരിച്ചു.

    നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാറിന്റെ പിഎയും ദിലീപിനെ അനുഗമിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ദര്‍ശനത്തിന് ശേഷം ദിലീപ് കമ്മാരസംഭവത്തിന്റെ സെറ്റിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകൾ.

    ഫാൻസുകാരെ പോലും അറിയിക്കാതെ അതീവ രഹസ്യമായി ഇന്നലെ രാത്രി ആലുവയിലെ വീട്ടിലായിരുന്നു കെട്ടുനിറ. രാവിലെ 3.45 ഓടെ പമ്പാ ഗണപതിയെ തൊഴുതു. ഇതിനിടെ ദിലീപ് എത്തിയത് പൊലീസ് വയർലെസിലൂടെ സന്ദേശമായെത്തി. എന്നാൽ നടിയെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസുകാർ അനുഗമിക്കരുതെന്നായിരുന്നു മുകളിൽ നിന്നുള്ള നിർദ്ദേശം. ദിലീപും ഇത്തരം ആഡംബരങ്ങൾക്ക് ശ്രമിച്ചില്ല. പരാതിയും പരിഭവവുമില്ലാതെ പമ്പാ ഗണപതിയെ കണ്ടു വഴങ്ങി ദിലീപ് മല ചവിട്ടി.

    ഇരുമുടി കെട്ടും കറുത്ത മുണ്ടും കറുത്ത ഷർട്ടുമായിരുന്നു വേഷം. പതിവ് അയ്യപ്പവേഷത്തിൽ താടിയുമായി ദിലീപ് ഇരുട്ടത്ത് മലകയറി. ആരും നടനെ തിരിച്ചറിഞ്ഞില്ല. ഒരു മണിക്കൂർ കൊണ്ട് നാല് കിലോ മീറ്റർ നീളം വരുന്ന കാനനപതായിലൂടെ ദിലീപ് അതിവേഗം നടന്നു നീങ്ങി. ഒരിടത്തും വിശ്രമിച്ചില്ല. ഒരു മണിക്കൂർ കൊണ്ട് സന്നിധാനത്ത് എത്തി. പിന്നെ ശബരി ഗസ്റ്റ് ഹൗസിൽ വിശ്രമം. ഗണേശ് കുമാറിന്റെ പിഎ ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പാടാക്കിയിരുന്നു. കുളിച്ച് വസ്ത്രം മാറി.

    ഇതോടെ നീല ഷർട്ടും വെള്ള വേഷവുമായി. ഇതിന് ശേഷം പുറത്തിറങ്ങിയ നടനെ ആളുകൾ തിരിച്ചറിഞ്ഞു. സെൽഫിയെടുക്കാനുള്ള തിരിക്കും തുടങ്ങി. ഇതിനിടെയിലും ഏല്ലാവരുമായി പരമാവധി ദിലീപ് സഹകരിച്ചു. പതിനെട്ടാം പടി കയറി സോപാനത്തെത്തിയ ദിലീപ് ശബരീശനെ വഴങ്ങി. ശ്രീകോവിലിന് തൊട്ടുമുമ്പിൽ വിഐപി ഏരിയയിൽ നിന്ന് തൊഴാനുള്ള സൗകര്യം ദേവസം ബോർഡ് ദിലീപിന് ഒരുക്കി. പിന്നെ ഉപദൈവങ്ങളെ എല്ലാം തൊഴുത് മാളികപുറത്തേക്ക്.

    മാളികപുറം മേൽശാന്തിയിൽ നിന്ന് പ്രസാവും വാങ്ങി വീണ്ടും സോപാനത്തെത്തി. സോപാനത്ത് തന്ത്രിയേയും മേൽശാന്തിയേയും കണ്ടു. തന്ത്ര നീലപ്പട്ട് ദിലീപിന് നൽകി. അയ്യപ്പന് ചാർത്തിയ പ്രസാദമായിരുന്നു ഇത്. അതിന് ശേഷം ഗണപതി ഹോമം തൊഴാൻ നടനെത്തി. അവിടെ ആൾക്കൂട്ടം ദിലീപിനെ തിരിച്ചറിഞ്ഞു. സെൽഫിയെടുക്കലും മറ്റും കൂടിയപ്പോൾ ദിലീപ് അയ്യപ്പനെ തൊഴുത് വീണ്ടും മലയറിങ്ങി. ആറരയോടെ പമ്പയിലെത്തി തിരികെ മടക്കം. ദിലീപിനൊപ്പം ശബരിമലയിലേക്ക് എത്താൻ ഫാൻസുകാർ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.

    എന്നാൽ വലിയൊരു ആൾക്കൂട്ടവുമായി സന്നിധാനത്ത് എത്താൻ ദിലീപ് ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കെട്ടുനിറ ഉൾപ്പെടെ രഹസ്യമാക്കി. കുടുംബക്കാരും ഗണേശു മാത്രമാണ് എല്ലാം അറിഞ്ഞത്. അങ്ങനെ എല്ലാം രഹസ്യമാക്കി ദിലീപ് മല ചവിട്ടി. ശബരിമലയിൽ സെൽഫിയെടുക്കാൻ ഓടിക്കൂടിയ ആരേയും ദിലീപ് നിരാശനാക്കിയതുമില്ല. ഇനി വീട്ടിലെത്തുന്ന ദിലീപ് വ്രതം ഉപേക്ഷിച്ച് അഭിനയത്തിലേക്ക് കടക്കും.

    നടിയെ ആക്രമിച്ച കേസിൽ ആലുവ ജയിലിലെത്തിയപ്പോഴാണ് ദിലീപ് വ്രതം തുടങ്ങിയത്. ആത്മീയതയുടെ കരുത്തിലായിരുന്നു ദിലീപിന്റെ ജയിൽ വാസം. മോചിതനായ ശേഷം ഗുരുവായൂരിലും മറ്റും ദിലീപ് എത്തുകയും ചെയ്തു. അതേസമയം നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഒന്നാം പ്രതിയാക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനം ഇന്നുണ്ടാകും. ഗൂഢാലോചന കേസിന്റെ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി അന്വേഷണ സംഘം ഇന്ന് കൊച്ചിയിൽ യോഗം ചേരും.

    എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് യോഗം. അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എ സുരേശനും യോഗത്തിൽ പങ്കെടുക്കും. നടിയെ ആക്രമിച്ച സംഭവത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ പഴുതടച്ച് കുറ്റപത്രം തയ്യാറാക്കാനാണ് പൊലീസ് ശ്രമം. ദിലീപിനെതിരെ പരമാവധി തെളിവുകൾ നിരത്തി ഗൂഢാലോചന തെളിയിക്കാൻ പോന്ന കുറ്റപത്രം തയ്യാറാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ബി സന്ധ്യയുടെ നേതൃത്വത്തിൽ കൊച്ചിയിൽ യോഗം ചേരുന്നത്. അതുകൊണ്ട് തന്നെ ഇന്ന് ദിലീപിന് ഏറെ നിർണ്ണായകമാണ്.