യുവതികളെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ കൈക്കലാക്കുകയും ചെയ്തിരുന്ന യുവാവിനെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി കുമരനെല്ലൂർ കിഴക്കേപീടികയിൽ അബ്ദുൾ ഷഹബാസ് (21) ആണ് അറസ്റ്റിലായത്. മണ്ണുത്തി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാളുടെ പേരിൽ മോഷണത്തിനും സ്ത്രീപീഡനത്തിനും കേസ് എടുത്തിട്ടുണ്ട്.
അന്വേഷണത്തിൽ നിരവധി യുവതികളെ ഇയാൾ ഇത്തരത്തിൽ വശീകരിച്ച് സ്വർണാഭരണങ്ങൾ കൈക്കലാക്കിയതായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ആഡംബര കാറുകൾ വാടകയ്ക്ക് എടുത്ത് ചുറ്റിനടന്നാണ് ഷഹബാസ് യുവതികളെ വശീകരിച്ചിരുന്നത്. സമാന സ്വഭാവമുള്ള കൂട്ടുകാർ ഇയാളോടൊപ്പം ഉണ്ടായിരുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ലഹരി മരുന്നു മാഫിയയുമായി ഷഹബാസിനുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിച്ചുവരികയാണ്.
ഈസ്റ്റ് സിഐ കെ.സി. സേതുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എസ്ഐ സതീഷ് പുതുശേരി സീനിയർ സിപിഒ വിനയൻ, ക്രൈം സ്ക്വാഡ് അംഗം സിബു, ഷാഡോ പോലീസ് അംഗം ലികേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
 
            


























 
				
















