കെപിസിസി പട്ടിക: വിഷ്ണുനാഥിനെ ഒഴിവാക്കിയാല്‍ കടുത്ത നടപടിയെന്ന് ഉമ്മന്‍ചാണ്ടി; എതിര്‍പ്പുമായി കെ.മുരളീധരന്‍

കെപിസിസി പട്ടികയില്‍ നിന്ന് പി.സി.വിഷ്ണുനാഥിനെ ഒഴിവാക്കിയാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പ് നല്‍കിയെന്നു റിപ്പോർട്ട്. എ ഗ്രൂപ്പിലെ പ്രമുഖ യുവനേതാവായ വിഷ്ണുനാഥ് കഴിഞ്ഞ നിയമസഭാ തിതരഞ്ഞെടുപ്പിൽ ചെങ്ങന്നൂരില്‍ മത്സരിച്ച്‌ പരാജയപ്പെട്ടിരുന്നു. എഐസിസി അംഗമായ വിഷ്ണുനാഥിന് നിലവില്‍ കെ.സി.വേണുഗോപാലിന് ഒപ്പം കര്‍ണാടകയുടെ ചുമതല കൂടിയുണ്ട്. വനിതാ~യുവജന പ്രാതിനിധ്യം കുറഞ്ഞുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കെപിസിസി നല്‍കിയ ആദ്യ പട്ടികയില്‍ മാറ്റങ്ങള്‍ വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു.

തങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാതെയാണ് പട്ടിക തയാറാക്കിയതെന്ന് എംപിമാരും ഹൈക്കമാന്‍ഡിനെ അറിയിച്ചതോടെ സമവായം വൈകി. പിന്നീട് എ.കെ.ആന്‍റണിയും മുല്ളപ്പള്ളി രാമചന്ദ്രനും മുന്‍കൈയെടുത്ത് ചര്‍ച്ചകള്‍ നടന്നുവെങ്കിലും സമവായത്തില്‍ എത്താന്‍ കഴിഞ്ഞില്ല. ഇതിനിടെയാണ് എ ഗ്രൂപ്പിലെ ഉമ്മന്‍ ചാണ്ടിയുടെ അടുപ്പക്കാരനായ വിഷ്ണുനാഥിനെ പട്ടികയില്‍ നിന്നും നീക്കാന്‍ ശ്രമമുണ്ടെന്ന് തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതോടെയാണ് ഉമ്മന്‍ചാണ്ടി നിലപാടു കടുപ്പിച്ചത്.

അതേസമയം, പട്ടികയ്ക്കെതിരേ കെ.മുരളീധരന്‍ എം.എല്‍.എയും രംഗത്തെത്തി. പട്ടികയില്‍ മാറ്റം വരുത്തണമെന്നും പട്ടിക അംഗീകരിക്കരുതെന്നും കെ.മുരളീധരന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. പട്ടിക പുറത്ത് വരുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും മുരളീധരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു.

നേരത്തെ വി.എം.സുധീരനും പട്ടികയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം പി.സി.ചാക്കോയും ശശി തരൂരും അടക്കമുള്ള നേതാക്കളും പട്ടിക തയ്യാറാക്കുമ്പോള്‍ നേതൃത്വം പരിഗണിച്ചത് വെറും ഗ്രൂപ്പ് താല്‍പര്യം മാത്രമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പട്ടികക്കെതിരെ മുരളീധരനും രംഗത്തെത്തിയിരിക്കുന്നത്.

നേതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാന നേതൃത്വം രണ്ടാമതും പുതുക്കിയ പട്ടിക സമര്‍പ്പിച്ചിരുന്നു. 282 പേരുടെ പട്ടികയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഇതിനെതിരെ പരസ്യ പ്രതികരണവുമായി മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ രംഗത്തെത്തിയിരുന്നു. പട്ടിക അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കേരളത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്നിക്കിനോട് പറഞ്ഞിരുന്നു. ഇതോടെയാണ് രണ്ടാമത്തെ കെ.പി.സി.സി പട്ടികയും അനന്തമായി നീളാന്‍ കാരണമായത്.