കെപിസിസിയില്‍ ഇടമില്ല; സോളാര്‍ കേസിലും പെട്ടു; അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിട്ടേക്കും

കണ്ണൂര്‍: കൂട് വിട്ട് കൂട് മാറിയ അബ്ദുള്ളക്കുട്ടിക്ക് പാര്‍ക്കാന്‍ കെപിസിസിയില്‍ ചില്ലയില്ല. കെപിസിസി പുനസംഘടനയുടെ നീണ്ട ലിസ്റ്റില്‍ സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ അബ്ദുള്ളക്കുട്ടി കയറി പറ്റിയില്ല. തുടര്‍ന്ന് അബ്ദുള്ളക്കുട്ടി പാര്‍ട്ടി വിട്ടേക്കുമെന്ന് കേരളകൗമുദിയാണ് റിപ്പോര്‍ട്ട് ചെയ്തത്.കെപിസിസിയില്‍ അബ്ദുള്ളക്കുട്ടിയെ ഉള്‍പ്പെടുത്താത് പ്രതിഷേധത്തിന് ഇടവെച്ചിരുന്നു.

എന്നാല്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ പോകുമെയന്ന കാര്യം അബ്ദുള്ളക്കുട്ടി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് കൗമുദി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇനി അഥവാ രാഷ്ട്രീയം തന്നെ വിടുമോയെന്ന ചോദ്യത്തിനു അബ്ദുല്ലക്കുട്ടി മറുപടി പറഞ്ഞില്ല.
സോളാര്‍ കേസ് മാത്രമാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലുണ്ട കളങ്കമെന്നും അബ്ദുല്ലക്കുട്ടി പറയുന്നു. അതില്‍ തന്നെ മനപ്പൂര്‍വ്വം പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ അതില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണെന്ന് കെപിസിസി ലിസ്റ്റ് വന്നപ്പോള്‍ മനസിലായെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഉറച്ച സീറ്റായ കണ്ണൂരിൽനിന്ന് അബ്ദുള്ളക്കുട്ടിയെ മാറ്റി തലശേരിയിൽ മത്സരിപ്പിച്ചപ്പോഴും പാർട്ടിയുടെ വിനീത പ്രവർത്തകനായി താൻ അത് സ്വീകരിച്ച ആളാണെന്ന് അദ്ദേഹം  പറഞ്ഞു. എന്നാൽ, കോൺഗ്രസ് വിട്ട് എങ്ങോട്ട് പോകുമെന്ന് ചോദിച്ചതിനുമാത്രം അദ്ദേഹം ഉത്തരം നൽകുന്നില്ല. സി.പി.എം വിട്ട് 2009ലാണ് അബ്ദുള്ളക്കുട്ടി കോൺഗ്രസിൽ എത്തിയത്. എം.പി, എം.എൽ.എ എന്ന നിലയിൽ പ്രവർത്തിച്ച കാലത്ത് മണ്ഡലത്തിൽ കോടിക്കണക്കിന് രൂപയുടെ വികസനം പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, കണ്ണൂർ ജില്ലാ പ്രസിഡന്റ് , യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച് കരുത്ത് തെളിയിക്കുകയും ചെയ്തിരുന്നു. തന്റെ പൊതു ജീവിതത്തിൽ ആകെയുണ്ടായ കറുത്ത പൊട്ട് സോളാർ കേസ് മാത്രമാണ്. ഈ സംഭവത്തിൽ തന്നെ ബോധപൂർവ്വം കുടുക്കിയതാണെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. അതിന് പിന്നിലുള്ള രഹസ്യ അജണ്ടകളാണ് കെ.പി.സി.സി പട്ടിക പ്രഖ്യാപിച്ചതോടെ പുറത്ത് വന്നതെന്നും അദ്ദേഹം അടുപ്പമുള്ളവരോട് വ്യക്തമാക്കിയതായി സൂചനയുണ്ട്. കണ്ണൂർ ജില്ലയിലുള്ള പട്ടികയിൽ ഐ ഗ്രൂപ്പിന് പത്തും എക്ക് ഒൻപതും മൂന്നാം ഗ്രൂപ്പിന് നാലും പ്രതിനിധികളാണ് ഉള്ളത്. ഇതിൽതന്നെ മുസ്ലീം പ്രാതിനിധ്യം തുലോം കുറവാണ്. ഏഴ് ക്രിസ്ത്യൻ പ്രതിനിധികളുള്ളപ്പോൾ മുസ്ലീം പ്രാതിനിധ്യം രണ്ടാണ്. ഇത് മുസ്ലീം വിഭാഗങ്ങളിൽപ്പെട്ട കോൺഗ്രസ് പ്രവർത്തകരിൽ കടുത്ത അമർഷവും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴും കോൺഗ്രസ് വേദികളിൽ സജീവ സാന്നിധ്യമായ അബ്ദുള്ളക്കുട്ടി പട്ടിക പുറത്ത് വിടുമ്പോൾ കോഴിക്കോട് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു. 74വയസ് കഴിഞ്ഞ നാല് പേർക്ക് പട്ടികയിൽ ഇടം കിട്ടിയപ്പോൾ അബ്ദുള്ളക്കുള്ളിയെപോലുള്ളവരെ തഴഞ്ഞതിൽ അണികൾ പരസ്യമായിതന്നെ പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ട്.