തോമസ് ചാണ്ടി രാജി വയ്ക്കുന്നതാണ് ഉചിതമെന്നു ഹൈക്കോടതി

കൊച്ചി: മന്ത്രി തോമസ് ചാണ്ടി രാജിവയ്‌ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി.സാധാരണക്കാരനെപ്പോലെ നിയമ നടപടി നേരിടണമെന്നും കോടതി വിമര്‍ശിച്ചു.കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ വാദമുണ്ടെങ്കില്‍ അത് കളക്ടറെ ബോധ്യപ്പെടുത്താന്‍ കോടതി ആവശ്യപ്പെട്ടു.നിഷ്‌കളങ്കനാണെങ്കില്‍ നിങ്ങള്‍ അതാണ് ചെയ്യേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. തോമസ് ചാണ്ടിക്ക് വേണമെങ്കില്‍ ഹര്‍ജി പിന്‍വലിക്കാമെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ തോമസ് ചാണ്ടിയുടെ ഹര്‍ജി പിന്‍വലിക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചതോടെയാണ് കോടതി വീണ്ടും വിമര്‍ശനം ഉന്നയിച്ചത്.തോമസ് ചാണ്ടി മന്ത്രിയായി തുടരാന്‍ അയോഗ്യനെന്നും കോടതി അറിയിച്ചു. സര്‍ക്കാറിനെതിരെ കോടതിയെ സമീപിച്ചത് അയോഗ്യതയുടെ ഉദാഹരണമാണ്. മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുക്കാതെയാണ് കലക്ടര്‍ക്കെതിരെ കോടതിയെ സമീപിച്ചതെന്നും കോടതി വ്യക്തമാക്കിയിരുന്നു.