തോമസ് ചാണ്ടി രാജിവച്ചു

തിരുവനന്തപുരം: ആരോപണവിധേയനായ തോമസ് ചാണ്ടി ഗതാഗതമന്ത്രിസ്ഥാനം രാജിവച്ചു. രാജിക്കത്ത് പാര്‍ട്ടി പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിക്കു കൈമാറി. രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചുവെന്നു മുഖ്യമന്ത്രിയും paranju .

നേരത്തെ എന്‍.സി.പി യോഗത്തില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ധാരണയായിരുന്നു. മന്ത്രിയുടെ വസതിയില്‍ നടന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

രാജിക്ക് ദേശീയ നേതൃത്വം അംഗീകാരം നല്‍കിയതോടെ മുഖ്യമന്ത്രിക്ക് കത്തു കൈമാറുകയായിരുന്നു. രാജിവച്ചതിനുശേഷവും മന്ത്രി ഔദ്യോഗിക വാഹനത്തിലാണ് പൊലിസ് അകമ്പടിയോടെ കുട്ടനാട്ടിലേക്കു പോയത്.

ഇതോടെ ഒന്നര വര്‍ഷത്തെ പിണറായി മന്ത്രിസഭയില്‍ രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയായി തോമസ് ചാണ്ടി. തോമസ് ചാണ്ടിക്കു പകരം മന്ത്രി ഉടന്‍ ഉണ്ടാവാനിടയില്ലെന്നാണ് സൂചന. രണ്ട് എംഎല്‍എമാരാണ് എന്‍സിപിക്ക് നിയമസഭയില്‍ ഉള്ളത്. രണ്ടുപേരും ആരോപണവിധേയരായി മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. രണ്ടുപേരില്‍ ആരാണോ ആദ്യം കുറ്റവിമുക്തരായി വരുന്നത് അവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാമെന്നു മുഖ്യമന്ത്രി പറഞ്ഞതായി തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.