റാഞ്ചി: ഒടുവില്‍ ടോസിലെ ഭാഗ്യം ന്യൂസിലന്‍ഡിനെ തേടിയെത്തി. നാലാം ഏകദിനത്തില്‍ ടോസ് നേടിയ കീവീസ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ടോസിലെ ആനുകൂല്യം ആദ്യം ബാറ്റ് ചെയ്യാനെടുത്ത തീരുമാനത്തില്‍ ഇല്ലാതാകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
പരമ്പരയിലെ ഏഴാം മത്സരത്തിലാണ് ടോസിലെ ഭാഗ്യം സന്ദര്‍ശകരെ തേടിയെത്തിയത്. ഏകദിന പരമ്പരയിലെ കഴിഞ്ഞ മൂന്ന് മത്സരത്തിലും ടോസ് ലഭിച്ച ധോണി ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നില്‍ നില്‍ക്കുകയാണ്. ധോണിയുടെ നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം മത്സരം ജയിച്ച് പരമ്പര തോല്‍ക്കാതെ നോക്കാനാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്.
കഴിഞ്ഞ മത്സരത്തില്‍ നിന്നും ഒരുമാറ്റവുമായാണ് കീവികള്‍ ഇറങ്ങുന്നത്. ലൂക്ക് റോഞ്ചിയെ മാറ്റി പകരം വാള്‍ട്ടിംഗിനെയാണ് വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാറ്റ് ഹെന്റിക്ക് പകരം ഇഷ് സോധിയും ടീമില്‍ ഇടംകണ്ടു. ഇന്ത്യ ജസ്പ്രീത് ബൂമ്രയ്ക്ക് പകരം ധവാല്‍ കുല്‍ക്കര്‍ണിയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തി.
 
            


























 
				




















