കൊല്ലം ∙ ഐഎൻടിയുസി നേതാവായിരുന്ന അഞ്ചൽ ഏരൂർ രാമഭദ്രൻ കൊലക്കേസിൽ സിപിഎം അഞ്ചൽ ഏരിയാ സെക്രട്ടറി പി.എസ്. സുമേഷ് ഒളിവിൽ. കേസിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ പഴ്സനൽ സ്റ്റാഫ് അംഗവും സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഉൾപ്പെടെ മൂന്നു സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സുമൻ ഒളിവിൽ പോയത്. പി.എസ്.സുമനെ അന്വേഷിച്ചു സിബിഐ സംഘം ഇന്നലെ അഞ്ചലിൽ എത്തിയിരുന്നു. പാർട്ടി ജില്ലാ കമ്മിറ്റിയംഗം ബാബു പണിക്കർ, മേഴ്സിക്കുട്ടിയമ്മയുടെ പഴ്സനൽ സ്റ്റാഫംഗവും ഡിവൈഎഫ്ഐ നേതാവുമായ കുണ്ടറ സ്വദേശി മാക്സൺ, ഡിവൈഎഫ്ഐ നേതാവ് പുനലൂർ സ്വദേശി റിയാസ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇവരെ രണ്ടുപേരെയും ഇന്ന് കോടതി റിമാന്റ് ചെയ്തു.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും കശുവണ്ടി വികസന കോർപറേഷൻ ചെയർമാനുമായ എസ്.ജയമോഹനെ ഇന്നലെ രാത്രി സിബിഐ തിരുവനന്തപുരത്തേക്കു വിളിച്ചുവരുത്തിയിരുന്നു. ഇന്നു വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജയമോഹനെ കേസിൽ സിബിഐ വീണ്ടും ചോദ്യം ചെയ്യും. സുമനെയും ജയമോഹനെയും അറസ്റ്റ് ചെയ്യണമെന്ന് രാമഭദ്രന്റെ ഭാര്യ ബിന്ദു ആവശ്യപ്പെട്ടു. പ്രതികളെ ഒളിവിൽ താമസിക്കാൻ സഹായിച്ചു എന്നതാണ് കുറ്റം. കൊട്ടാരക്കര ടിബിയിലേക്കു വിളിച്ചുവരുത്തിയാണ് മൂന്നു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
എന്നാൽ, പ്രവർത്തകരെയും നേതാക്കളെയും കള്ളക്കേസിൽ കുടുക്കാൻ സിബിഐ ശ്രമിക്കുകയാണെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി കെ.എം. ബാലഗോപാൽ ആരോപിച്ചു. രാഷ്ട്രീയലക്ഷ്യത്തോടെ ബിജെപി സർക്കാർ നടത്തുന്നതാണ് കേസ്. ഇതിന് സിബിഐയെ ഉപയോഗിക്കുന്നു. കള്ളക്കേസിനെ നിയമപരമായി നേരിടും. ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് പ്രക്ഷോഭം നടത്തും. ഫൈസൽ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകന്റെ മൊഴി സിബിഐയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇതിനു പിന്നാലെയാണ് പുതിയ നീക്കമെന്നും ബാലഗോപാൽ പറഞ്ഞു.
അതേസമയം, കൊലപാതക കേസിൽ പഴ്സനൽ സ്റ്റാഫ് അറസ്റ്റിലായ സംഭവത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വിശദീകരണം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ജനങ്ങളോട് വിശദീകരിക്കാൻ മന്ത്രി തയാറാകണം. പ്രതിയെ സംരക്ഷിച്ചാൽ വലിയ കനത്ത വിലകൊടുക്കേണ്ടിവരും. മന്ത്രിയുടെ സ്റ്റാഫിൽ ഒരിക്കലും ഇത്തരം ആളുകളെ വയ്ക്കാൻ പാടില്ല. സംഭവം അറിഞ്ഞയുടൻ തന്നെ മാക്സണെ പുറത്താക്കണമായിരുന്നുവെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതികളായി ലോക്കൽ പൊലീസ് കണ്ടെത്തിയ 16 പേരെയും സിബിഐ പ്രതി ചേർത്തതായാണ് വിവരം. പ്രതികളെല്ലാവരും സിപിഎം – ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരുമാണ്. ബാബു പണിക്കർക്കു ഗൂഢാലോചനയിലും മറ്റുള്ളവർക്കു കൊലപാതകത്തിൽ നേരിട്ടും പങ്കുള്ളതായി സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചു. ഏരൂർ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ഐഎൻടിയുസി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന രാമഭദ്രനെ (44) വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, 2010 ഏപ്രിൽ 10നു രാത്രി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.











































