എന്താണ് മുന്നണി മര്യാദയെന്ന കാര്യത്തില്‍ ചര്‍ച്ച വേണം:കാനം രാജേന്ദ്രൻ

തിരുവനന്തപുരം: എന്താണ് മുന്നണി മര്യാദയെന്ന കാര്യത്തില്‍ ചര്‍ച്ച വേണമെന്ന്കാനം രാജേന്ദ്രൻ .തോമസ് ചാണ്ടിയുടെ രാജിയെചൊല്ലി പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി .എല്‍.ഡി.എഫ് യോഗത്തിലെടുത്ത തീരുമാനമാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുനിന്നു മടങ്ങിയെത്തിയ ശേഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുകയോ വിട്ടുനില്‍ക്കുകയോ ചെയ്തതല്ല, പങ്കെടുക്കാതിരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് സി.പി.ഐയില്‍ ഭിന്നതയില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

എല്‍.ഡി.എഫ് യോഗത്തില്‍ താനും പന്ന്യന്‍ രവീന്ദ്രനും കെ.ഇ ഇസ്മയിലും പങ്കെടുത്തതാണ്. യോഗത്തിന്റെ തീരുമാനമനുസരിച്ചാണ് രാജിക്കാര്യത്തില്‍ നടപടിയെടുത്തത. ഇതുസംബന്ധിച്ച് കെ.ഇ ഇസ്മയില്‍ മറിച്ച് പറഞ്ഞതെന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കാനം പറഞ്ഞു.

സി.പി.ഐക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒറ്റയ്ക്കുനിന്നാല്‍ എന്ത് സംഭവിക്കുമെന്ന് കണ്ടറിയാമെന്ന് കാനം പറഞ്ഞു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സി.പി.ഐ ഏത് മുന്നണിയില്‍ പോകുമെന്ന് അറിയില്ലെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന്‍ ഇന്നലെ പ്രതികരിച്ചത്. ചാമ്പ്യന്‍മാര്‍ തങ്ങളാണെന്നും സര്‍ക്കാര്‍ മോശമാണെന്നും വരുത്തിത്തീര്‍ക്കാന്‍ സി.പി.ഐ ശ്രമിക്കുകയാണ്. തോളത്തിരുന്ന് ചെവികടിക്കുന്ന പണിയാണ് സി.പി.ഐ നടത്തുന്നത്. അവര്‍ക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വലിയവായില്‍ സംസാരിക്കുന്ന സി.പി.ഐ സര്‍ക്കാരിനെ ക്ഷീണിപ്പിക്കാനാണ് ശ്രമിക്കുന്നത്. സോളാര്‍ സമരം അവസാനിപ്പിച്ചത് ഒത്തുകളിയാണെന്ന് അന്ന് സി.പി.ഐ ആരോപിച്ചിരുന്നു. എന്നാല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സി.പി.ഐ എന്തു പറയുന്നുവെന്നും തോമസ് ചാണ്ടിയെ പിണറായി എന്തിന് സംരക്ഷിക്കണമെന്നും ആനത്തലവട്ടം ആനന്ദന്‍ ചോദിച്ചിരുന്നു.