സ്ഥിതി നിയന്ത്രണവിധേയമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: തലസ്ഥാനത്തെ സി.പി.എം- ബി.ജെ.പി സംഘര്‍ഷത്തില്‍ സ്ഥിതി നിയന്ത്രണവിധേയമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബെഹ്‌റ പറഞ്ഞു.

തലസ്ഥാനത്ത് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ കല്ലേറുണ്ടാകുകയും കരിക്കകത്ത് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മേയര്‍ വി.കെ പ്രശാന്തിന് പരുക്കേറ്റതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.

മേയര്‍ക്കു മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് നഗരത്തില്‍ വിവിധയിടങ്ങളില്‍ സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. കരിക്കകത്ത് പ്രകടനം കഴിഞ്ഞു മടങ്ങിയ പ്രവര്‍ത്തകര്‍ കൊടിമരം നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഇന്നലെ വൈകിട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ബി.ജെ.പിയുടെ പ്രകടനം കടന്നുപോയതിനു പിന്നാലെയാണ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ കല്ലേറുണ്ടായത്.