ഭൂമി വില്‍പ്പനയ്ക്കും ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

കള്ളപ്പണം ഉന്മൂലനം ചെയ്യാനെന്ന പേരില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധം പാളി പോകാന്‍ പ്രധാന കാരണം, കള്ളപ്പണം കറന്‍സി രൂപത്തില്‍ വളരെ കുറച്ച് മാത്രമെയുള്ളു എന്ന വസ്തുത ബോധ്യപ്പെടാന്‍ വൈകിയതായിരുന്നു. ഇതിന് പല ന്യായീകരണങ്ങളും കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വവും നിരത്തുകയും ചെയ്തിട്ടുണ്ട്. ഇതിനു മുമ്പേ തുടങ്ങിയതായിരുന്നു പല സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നത്.

മൊബൈല്‍ നമ്പര്‍ കണക്ഷന്‍ മുതല്‍ ബാങ്ക് അക്കൌണ്ട് തുടങ്ങി നിരവധി സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുകയും ചെയ്തു. ഇപ്പോഴിതാ, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കള്ളപ്പണം തടയാന്‍ കേന്ദ്രം ഭൂസ്വത്തുമായി ആധാറിനെ ബന്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമി വില്‍പ്പനയ്ക്കും വാങ്ങുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കുകയാണ് കേന്ദ്രത്തിന്റെ നീക്കം. കേന്ദ്ര ഭവന വകുപ്പ് മന്ത്രി ഹര്‍ദീപ് പുരി ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇത് എന്നു മുതല്‍ പ്രാബല്യത്തിലാക്കുമെന്ന കാര്യം മന്ത്രി വ്യക്തമാക്കിയില്ല. ബാങ്ക് അക്കൌണ്ട് പോലുള്ളവയുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് ഇതിനോടകം നിര്‍ബന്ധമാക്കി കഴിഞ്ഞു. അടുത്തത് ഭൂസ്വത്തുമായി ആധാര്‍ ബന്ധിപ്പിക്കലാണ്. എന്ന് മുതല്‍ തുടങ്ങുമെന്ന കാര്യത്തില്‍ ധാരണയായിട്ടില്ലെങ്കിലും ഇത് ഉറപ്പായും സംഭവിക്കുമെന്ന് മന്ത്രി പറഞ്ഞു.

ബിനാമി ഇടപാടുകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സാമ്പത്തിക മേഖലയാണ് ഭൂമി കൈമാറ്റം. ഇതില്‍ ആധാര്‍ നിര്‍ബന്ധമാക്കിയാല്‍ ബിനാമി ഇടപാടുകളെയും ഇതുവഴി കുന്നുകൂടുന്ന കള്ളപ്പണത്തേയും കയ്യോടെ പിടികൂടാന്‍ കഴിയുമെന്നും ഉന്മൂലനം ചെയ്യാന്‍ കഴിയുമെന്നും മന്ത്രി പറയുന്നു. ഹിമാചല്‍ പ്രദേശില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിനാമി ഇടപാടുകള്‍ക്ക് തടയിടുമെന്ന് പറഞ്ഞിരുന്നു. ബിനാമി സ്വത്തുക്കള്‍ കള്ളപ്പണക്കാര്‍ക്ക് തിരിച്ചു പിടിക്കാന്‍ കഴിയാത്ത വിധത്തില്‍ പൂട്ടിടുമെന്നും മന്ത്രി വ്യക്തമാക്കി.