എസ്. ജയമോഹനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും മുതിര്‍ന്ന സി.പി.എം കൊല്ലം ജില്ലാസെക്രട്ടറിയറ്റ് അംഗവുമായ എസ്. ജയമോഹനെ സി.ബി.ഐ അറസ്റ്റ് ചെയ്തുവിട്ടയച്ചു. രാമഭദ്രന്‍ കൊലക്കേസിലെ പ്രതികളെ ഒളിവില്‍ താമസിപ്പിച്ചു എന്ന കേസില്‍ നാലുമണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. പ്രതികളെ ഒളിവില്‍പാര്‍പ്പിച്ചു എന്നതിനാണ് ജയമോഹനെ അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ സ്റ്റാഫായ മാക്സണേയും സിപിഐഎം ജില്ലാ കമ്മറ്റിയംഗമായ ബാബു പണിക്കരേയും ഡിവൈഎഫ്‌ഐ നേതാവ് റിയാസിനേയും സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കേസ് അന്വേഷിക്കുന്ന സിബിഐ സംഘമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇരുവരേയും ഇന്ന് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി റിമാന്റ് ചെയ്തിരുന്നു. റിയാസ്, മാക്‌സണ്‍ എന്നിവര്‍ക്ക് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും, എസ് ജയമോഹന്‍, ബാബു പണിക്കര്‍ എന്നിവര്‍ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തി എന്നുമാണ് സിബിഐ കോടതിയില്‍ അറിയിച്ചത്.

2010-ഏപ്രില്‍ 10-ന് രാത്രിയിലായിരുന്നു ഏരൂരിലെ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി ഏരൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ നെട്ടയം രാമഭദ്രന്‍ കൊല്ലപ്പെട്ടത്. വീടിന് സമീപത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് സംഘര്‍ഷം നടന്നിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ രാമഭദ്രന്‍ ജാമ്യത്തിലിറക്കിയിരുന്നു. അതിന്റെ ശത്രുതയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.

ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയായിരുന്നു. സംഭവത്തില്‍ അന്ന് സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചും കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും രാമഭദ്രന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കേസ് സിബിഐക്ക് വിട്ടത്.