അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് ഡിജിപി ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം : അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് ഡിജിപി ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ജേക്കബ് തോമസിനെതിരെ വകുപ്പുതല അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ജേക്കബ് തോമസ് ആത്മകഥയെഴുതിയത് ചട്ടം ലംഘിച്ചാണെന്ന് മൂന്നംഗസമിതി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. അതേസമയം കേസെടുക്കുന്നത് സംബന്ധിച്ച് തനിക്ക് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു.

എന്നാല്‍ താന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് അവധിയെടുത്താണ് പുസ്തകം എഴുതിയതെന്നും അതിനാല്‍ അത് എങ്ങനെ സര്‍വ്വീസ് നിയമങ്ങളുടെ ലംഘനമാകുമെന്നുമാണ് ജേക്കബ് തോമസ് ചോദിച്ചിരുന്നു. ഇതിനിടെ ബന്ധുനിയമനക്കേസും പാറ്റൂര്‍ ഭൂമി തട്ടിപ്പുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ച് വീണ്ടും ജേക്കബ് തോമസ് പുസ്തകം പുറത്തിറക്കി. ആദ്യ പുസ്തകത്തില്‍ ഉണ്ടായിരുന്ന വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പായിട്ടാണ് വിവാദങ്ങള്‍ ഉള്‍ക്കൊള്ളിച്ച് രണ്ടാമതും പുസ്തകം പുറത്തിറക്കിയത്. ‘നേരിട്ട വെല്ലുവിളികള്‍: കാര്യവും കാരണവും’ എന്നാണ് പുസ്തകത്തിനു പേരിട്ടത്.

ജേക്കബ് തോമസ് എഴുതിയ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകമാണ് ചട്ടവിരുദ്ധമായി എഴുതിയതെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച മൂന്നംഗസമിതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കൈമാറിയിരുന്നു. അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് അധ്യക്ഷനും നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, പിആര്‍ഡി ഡയറക്ടര്‍ കെ.അമ്പാടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പുസ്തകം എഴുതാന്‍ ജേക്കബ് തോമസ് അനുമതി വാങ്ങിയിട്ടുണ്ടെങ്കിലും പുസ്തകം എഴുതുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലെന്നാണ് സമിതിയുടെ കണ്ടെത്തല്‍. മുന്‍മന്ത്രി കെ.ബാബുവടക്കമുള്ളവര്‍ക്കെതിരെ പുസ്തകത്തില്‍ ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സമിതി ചൂണ്ടിക്കാട്ടുന്നു. പുസ്തകത്തിലെ 50 പേജുകളില്‍ ചട്ടവിരുദ്ധമായ കാര്യങ്ങളുണ്ടെന്നാണ് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അന്വേഷണം തുടരുകയും കോടതിയുടെ പരിഗണനയിലുള്ളതുമായ പാറ്റൂര്‍,ബാര്‍ കോഴക്കേസുകളെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നുണ്ട്. കേസുകളില്‍ അന്തിമവിധി വരാത്ത സാഹചര്യത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ അനുചിതമായെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്.