കനത്ത മഴയിലും ശക്തമായ കാറ്റിലും കൊല്ലം ജില്ലയില്‍ വന്‍ നാശനഷ്ടം

കൊല്ലം: കനത്ത മഴയിലും ശക്തമായ കാറ്റിലും കൊല്ലം ജില്ലയില്‍ വന്‍ നാശനഷ്ടം. ഓട്ടോറിക്ഷയുടെ മുകളില്‍ മരംവീണ് കുളത്തൂപ്പുഴ ആര്‍.പി.എല്‍ ജീവനക്കാരന്‍ വിഷ്ണു(40)മരിച്ചു. കഴുതുരുട്ടിയില്‍ മരംവീണ് ഗുരുതരമായി പരിക്കേറ്റ പുത്തന്‍വീട്ടില്‍ രാജീവി(40)നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ റോഡില്‍ മരം വീണ് ഗതാഗതവും തടസപ്പെട്ടു. അച്ചന്‍കോവിലില്‍ ഉരുള്‍പ്പൊട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആദിവാസികള്‍ വനത്തില്‍ ഒറ്റപ്പെട്ടനിലയിലാണ്. അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകുകയാണ്. കല്ലടയാറ് കരകവിയാനുള്ള സാധ്യതയുണ്ടെന്നും സൂചന. കൊല്ലംതിരുമംഗലം ദേശീയപാതയില്‍ മരങ്ങള്‍ കടപുഴുകി വീണതോടെ ആര്യങ്കാവ്,ഇടപ്പാളയം,വെള്ളിമല എന്നിവിടങ്ങളില്‍ വാഹന ഗതാഗതവും തടസപ്പെട്ടു. പുനലൂര്‍,പത്തനാപുരം എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്്‌സ് എത്തി മരം മുറിച്ചുമാറ്റുകയാണ്. തെന്‍മല ഡാമിന് സമീപം വീണ മരങ്ങള്‍ ഫയര്‍ഫോഴ്്‌സ് മുറിച്ചുമാറ്റി. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജില്ലാഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുതലാണ് ജില്ലയില്‍ മഴ ശക്തിപ്പെട്ടത്.

ശക്തമായതും ഇടിയോടുകൂടിയ മഴയും നാളെ വരെ സംസ്ഥാനത്ത് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. ജില്ലയില്‍ പലയിടത്തും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ അതീവജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്.