അബീക്ക…ഞങ്ങളെ സ്നേഹത്തിന്റെ പൂമരം ഒരുക്കി ചിരിപ്പിച്ചത് വേദനിപ്പിക്കാനായിരുന്നോ ?

മിനി നായർ ,അറ്റ്ലാന്റ്റാ

ഇന്നത്തെ എന്റെ പ്രഭാതം വേദനയുടേതാണ്.നമ്മുടെ അബീക്ക അന്തരിച്ചു .ഒരു മാസം മുൻപ് അമേരിക്കൻ മലയാളികളെ ചിരിപ്പിച്ചു ഇനിയും അടുത്തവർഷം കാണാമെന്നു പറഞ്ഞു പോയ അബീക്ക ഇപ്പോൾ അവസാന യാത്രയും ചോദിച്ചു പോയിരിക്കുന്നു.
പൂമരം ഷോയുടെ കാരണവരായിരുന്നു അബീക്ക.

അറ്റ്ലാന്റ്റായിലെ ജനനിബിഢമായ വേദിയെ ചിരിയുടെ ലോകത്തേക്ക് കൊണ്ടുപോയ അബീക്കയെ അറ്റ്‌ലാന്റയിലെ മാത്രമല്ല അമേരിക്കൻ മലയാളികൾ ആരും മറക്കില്ല .പൂമരം ഷോയുടെ ഓരോ വേദിയുംചിരിയുടെ ധന്യമുഹൂർത്തങ്ങൾക്കു സാക്ഷിയാക്കുമ്പോൾ….

അബീക്ക .. ഇതെല്ലാം വേദനിച്ചുകൊണ്ടായിരുന്നുകൊണ്ടല്ലോ അവതരിപ്പിച്ചത് …

ഇപ്പോൾ അബീക്ക ഞങ്ങളെ സങ്കടകടലിലേക്കു ആഴ്ത്തിക്കളഞ്ഞല്ലോ ..ഇടയ്ക്കിടയ്ക്ക് രക്തം മാറ്റണം എന്ന് പറഞ്ഞപ്പോളൊക്കെ അതത്ര സീരിയസ് ആയി എടുത്തില്ല…
അത് സത്യമായിരുന്നു അല്ലെ..

ചിരിയുടെ ആമിനാ താത്തയായും അമിതാഭ് ബച്ചനായും ഞങ്ങളെ കുടുകുടാ ചിരിപ്പിച്ചപ്പോളും അപ്രതീക്ഷിതമായി ഞെട്ടിപ്പിച്ചു കരയിപ്പിക്കുമെന്നു ഒട്ടും കരുതിയില്ല.ഈ വിയോഗം താങ്ങാവുന്നതിലും അപ്പുറമാണ് .ഈ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്ന് ഞങ്ങൾ മോചിതരാകാൻ സമയമെടുക്കും.കലാഭവൻ മണി പോയപ്പോൾ ഉണ്ടായ ശൂന്യത. അബീക്ക മിമിക്രിയുടെ രാജാവായി ജീവിച്ചപ്പോൾ അംഗീകരിക്കാതെ പലരും ജീവൻ പോയീന്ന് ഉറപ്പാകുമ്പോൾ ഇനി മഹത്വം പറയുന്നത് ഇനിയുള്ള മണിക്കൂറുകളിൽ നമുക്ക് കേൾക്കേണ്ടി വരും.മിമിക്രിയുടെ ലോകത്ത് വിപ്ലവകരമായ മാറ്റത്തിന്റെ ശബ്ദമായിരുന്നു അബിക്കാ നിങ്ങളുടേത് .

അമിതാബ് ബച്ചന്റെ ശബ്ദം അതെ പോലെ അനുകരിക്കുന്ന ഒരേയൊരു വ്യക്തിയായിരുന്നു അബീക്ക. മറ്റൊരാളെ അങ്ങനെ കാണാനേ പറ്റില്ല.ഒരിക്കൽ മനോരമ സംഘടിപ്പിച്ച ഒരു ഗെറ്റുഗദറിൽ അദ്ദേഹത്തിന്റെ മുന്നിൽ നിന്ന് അബീക്ക അദ്ദേഹത്തെ അവതരിപ്പിച്ചത് ഓർക്കുന്നു.അബിക്കയുടെ ഓരോ വാക്കിലും അതുഭുതത്തോടെ ,അതിൽ ലയിച്ചിരുന്ന ബച്ചനെ എങ്ങനെ മറക്കും.അത് അബീക്കയ്ക്കുള്ള അംഗീകരം കൂടി ആയിരുന്നില്ലേ.മലയാള മിമിക്രി ലോകം കാലങ്ങളോളം അടക്കിവാണ ആമിനത്താത്തയെന്ന കഥാപാത്രത്തിന്റെ ഉപജ്ഞാതാവാണ് അബീക്ക. ഒരേ സമയം ആമിനത്താത്തയും ബീരാന്‍കുട്ടിയും ഉള്‍പ്പെടെ വേഷപ്പകര്‍ച്ചകള്‍ നല്‍കിയ താരം.ഇന്ത്യന്‍ സിനിമയിലെ രണ്ടു ഘനഗാംഭീര്യമുള്ള ശബ്ദങ്ങള്‍ അമിതാഭ് ബച്ചന്റെയും മമ്മൂട്ടിയുടേതുമാണ്. ഇത് രണ്ടും അബീക്കയെക്കാള്‍ ഭംഗിയായി ചെയ്യുന്ന മറ്റൊരു കലാകാരനും മലയാള മിമിക്രി രംഗത്തില്ല.

അബീക്കയെ അറിയാവുന്നവർക്ക് എപ്പോളും ചിരിയുള്ള ആ മുഖം മറക്കാനാവില്ല. സിനിമാ രംഗത്ത് അടുത്തിടെയുണ്ടായ മരണങ്ങളെല്ലാം അപ്രതീക്ഷിതമായിരുന്നു. അബീക്കയുടേതും സിനിമാ ലോകം മാത്രമല്ല മലയാളി ഒട്ടും പ്രതീക്ഷിക്കാത്തത് ആയിരുന്നു. …

അബീക്ക അസുഖബാധിതനാണ് എന്ന വിവരം പോലും അടുത്ത സുഹൃത്തുക്കളടക്കം പലരും അറിഞ്ഞിരുന്നില്ല .അബീക്ക അറിയിച്ചിരുന്നില്ല എന്ന് പറയുന്നതാവും ശരി. വേദനകള്‍ അബീക്ക എല്ലാവരില്‍ നിന്നും മറച്ചു പിടിച്ചു.മനുഷ്യന്റെ ഒരു പൊതു സമീപനമാണത് .വേദനകളെ പരമാവധി മറച്ചു പിടിക്കുക.അബീക്കയെ നേരില്‍ കാണുന്ന ആര്‍ക്കും രോഗമുണ്ടെന്ന് തോന്നുമായിരുന്നില്ല. തനിക്ക് അസുഖമാണെന്ന് അബീക്ക ഒരിക്കലും ആരോടും പറഞ്ഞിട്ടില്ല. അസുഖം മൂടിവെച്ച് ചിരിച്ച മുഖത്തോടെയാണ് അദ്ദേഹം ജീവിച്ചിരുന്നതെന്നു വേദനയോടെ കുറിക്കേണ്ടി വരുന്നു.അമേരിക്ക ഉൾപ്പെടെ പല സ്ഥലങ്ങളിലും അവതരിപ്പിച്ച മെഗാഷോകളുടെയും സ്ക്രിപ്റ്റും ആശയവും അബീക്കയുടെതായിരുന്നു. അദ്ദേഹം വേദിയില്‍ എത്തുന്നത് മുതല്‍ ജനം അത് അതാസ്വദിച്ചിരിക്കും. ഒരുപക്ഷെ അബദ്ധമായ ഒരു വാക്ക് പോലും അബീക്ക ഒരു വേദിയിലും പറഞ്ഞിരുന്നതായി ഓർക്കുന്നില്ല. കലയുടെ കാര്യത്തില്‍ അത്ര പെര്‍ഫെക്റ്റ് ആയിരുന്നു അബീക്ക.
സിനിമ ഉള്‍പ്പെടെ മലയാളത്തിന്റെ കലാ ലോകത്തെ ആകെ സ്വാധീനിച്ച മിമിക്രി രംഗത്തെ കുലപതികളില്‍ ഒരാളാണ് അബീക്ക. ജയറാമും ദിലീപും പോലുള്ള താരങ്ങള്‍ക്കൊപ്പമോ അവരെക്കാള്‍ മേലെയോ മിമിക്രിയില്‍ മാത്രം ശോഭിച്ച ഒരാൾ വേറെ ഉണ്ടാകില്ല.പക്ഷെ എന്തുകൊണ്ടോ അബീക്കയുടെ കഴിവിനനുസരിച്ചുള്ള പരിഗണനയോ അര്‍ഹതയ്ക്കനുസരിച്ച അംഗീകാരമോ ലഭിച്ചില്ല എന്നത് സത്യം.

പക്ഷെ അബീക്ക ..
നിങ്ങളെ ഞങ്ങൾ മറക്കില്ല…
കാരണം നിങ്ങളിലെ കലാകാരനെ ,
മനുഷ്യ സ്നേഹിയെ ഞങ്ങൾഏറെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു….
സ്നേഹത്തിന്റെ പൂമരമായിരുന്നു നിങ്ങൾ എന്ന് നിങ്ങളെ അറിയാവുന്നവർ ഇന്നുമുതൽ മനസ്സിൽ പറഞ്ഞു പതം വരുത്തും..അവർ അതെ നെഞ്ചേറ്റുകയും ചെയ്യും..