വിശാലും രാഷ്ട്രീയത്തിലേക്ക് ;ആർ കെ നഗറിൽ മത്സരിക്കും

ചെന്നൈ: തമിഴകരാഷ്ട്രയത്തിലേക്ക് സിനിമാതാരം വിശാലും കടന്നുവരുന്നു. ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചുകൊണ്ടാവും വിശാലിന്റെ രാഷ്ട്രീയ രംഗപ്രവേശമെന്നാണ് റിപ്പോര്‍ട്ടുകള്‍.നാളെ വിശാല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.അണ്ണാ ഡി.എം.കെ.സ്ഥാനാര്‍ഥിയും മുതിര്‍ന്ന നേതാവുമായ ഇ.മധുസൂദനന്‍, ഡി.എം.കെ.സ്ഥാനാര്‍ഥി മരുതു ഗണേഷ്, സ്വതന്ത്രനായി രംഗത്തുള്ള ടി.ടി.വി.ദിനകരന്‍ എന്നിവര്‍ക്കൊപ്പം വിശാല്‍ കൂടി എത്തുന്നതോടെ ആര്‍ കെ നഗറിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വീര്യം കൂടും.

മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തിലേയ്ക്ക് ഡിസംബര്‍ പതിനേഴിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രജനീകാന്തും കമല്‍ഹാസനും തമിഴ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിനെ കുറിച്ച് ചൂടുള്ളു ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിശാലിന്റെ രംഗപ്രവേശനം.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ടിടിവി ദിനകരനെയാണ് ഭരണകക്ഷിയായ എഐഎഡിഎംകെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ പാര്‍ട്ടികള്‍ വോട്ടര്‍മാര്‍രെ സ്വാധീനിക്കാനായി വന്‍ തോതില്‍ പണമൊഴുക്കുന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കുകയായിരുന്നു.ഇതിനുശേഷമാണ് ഡിസംബര്‍ 31നകം ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്.