കാനഡയില്‍ വാഹനാപകടം: മലയാളി അദ്ധ്യാപകന്‍ കൊല്ലപ്പെട്ടു

ബ്രാംപ്ടന്‍ (ഒന്റോറിയൊ): ബ്രാംപ്ടന്‍ സെന്റ് ജോണ്‍ ബോസ്‌കോ എലിമെന്ററി സ്‌കൂള്‍ അദ്ധ്യാപകനും മലയാളിയുമായ ലിയൊ അബ്രഹാം (42) നവംബര്‍ 30 വ്യാഴാഴ്ച ഉച്ചയ്ക്ക് ഉണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.

മെയ് ഫീല്‍ഡ് റോഡില്‍ ഡ്രൈവ് ചെയ്യുന്നതിനിടയില്‍ നിയന്ത്രണം വിട്ട എസ് യു വി എതിരെ വന്ന ട്രാന്‍സ്‌പോര്‍ട്ട് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ലിയൊ അബ്രഹാം സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.

ലിയൊ അബ്രഹാമിന്റെ ആകസ്മിക മരണം വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും ഒരു പോലെ ദുഃഖത്തിലാഴ്ത്തിയതായി ഡഫ്രീന്‍ പീല്‍ ഡിസ്ട്രിക്റ്റ് കാത്തലിക്ക് സ്‌കൂള്‍ ബോര്‍ഡ് സ്‌പോക്ക്പേര്‍സന്‍ ബ്രൂസ് കാബല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 2000 മുതല്‍ അദ്ധ്യാപകസേവനത്തിലായിരുന്ന അബ്രഹാം 2002 ലാണ് ബോസ്‌കോ സ്‌കൂളില്‍ അദ്ധ്യാപകനായി ചേര്‍ന്നത്.

നാല്  വയസ്സുമുതല്‍ 8 വയസ്സുവരെയുള്ള നാല് ആണ്‍കുട്ടികളും ഭാര്യയും ഉള്‍പ്പെടുന്ന കുടുംബത്തെ സഹായിക്കുന്നതിന്  50,000 ഡോളറിന്റെ ഫണ്ട് രൂപീകരിക്കുന്നതിന് Go Fund Me  എന്ന വെബ്‌സൈറ്റ് തുറന്നിട്ടുണ്ട്. ഇത് വരെ  41000 ഡോളർ  സമാഹരിച്ചു