തോമസ് ചാണ്ടി കോടതിയെ സമീപിച്ചത് വ്യക്തിപരമെന്നു സർക്കാർ

കൊച്ചി: മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സിപിഐ മന്ത്രിമാര്‍ അവിശ്വാസം പ്രകടിപ്പിച്ചിട്ടില്ല. ഹൈക്കോടതി വിധി വന്നതിന്റെ തൊട്ടടുത്ത ദിവസം ഗതാഗത മന്ത്രിസ്ഥാനത്തുനിന്ന് തോമസ് ചാണ്ടി രാജിവച്ചെന്നും എ ജി കോടതിയെ അറിയിച്ചു.

സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലെ വാദത്തിനിടെയാണ് ഇക്കാര്യം എ ജി കോടതിയെ അറിയിച്ചത്. ഭൂമി കയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി തോമസ് ചാണ്ടി കോടതിയെ സമീപിച്ചത് വ്യക്തിപരമാണെന്നും എ ജി അറിയിച്ചു. മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട ഭൂമി കയ്യേറ്റ വിഷയത്തില്‍ കോടതി സംസ്ഥാന സര്‍ക്കാരിനെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

മന്ത്രി സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചത് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതിന്റെ സൂചനയാണെന്നും കോടതി പരാമര്‍ശം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന് ഉന്നയിച്ചുള്ള ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.