ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ തൃപ്തിയില്ലെന്ന് ഡോ.സൂസപാക്യം

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവര്‍ക്കുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ തൃപ്തിയില്ലെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം. സമരത്തിലൂടെ മത്സ്യത്തൊഴിലാളികളുടെ വികാരമാണ് അവര്‍ പ്രകടിപ്പിക്കുന്നത്. കാണാതായവരെ കണ്ടെത്താന്‍ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ ലക്ഷദ്വീപില്‍ കുടുങ്ങിയ 51 മത്സ്യത്തൊഴിലാളികളുമായി എംവി കവരത്തിയെന്ന കപ്പല്‍ കൊച്ചി തീരത്തെത്തി. കപ്പലില്‍ രണ്ട് മലയാളികളുമുണ്ട്. തിരുവനന്തപുരം സ്വദേശികളാണ് ഇരുവരും. 45 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഒരാളും അസമില്‍ നിന്ന് രണ്ട് പേരും കപ്പലിലുണ്ടായിരുന്നു. ലക്ഷദ്വീപില്‍ കുടുങ്ങിയ 352 പേരില്‍ നിന്ന് 302 പേര്‍ തിരികെയെത്തുന്നു. കല്‍പ്പേനി, കവരത്തി എന്നിവിടങ്ങളില്‍ നിന്ന് ഇവര്‍ കൊച്ചിയിലേക്ക് തിരിച്ചു. സ്വന്തം നിലയില്‍ ബോട്ടുകളിലാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്. ഇന്ന് രാത്രിയും നാളെയുമായി ഇവര്‍ എത്തും.

അതേസമയം ചെല്ലാനത്തെ തീരവാസികളുടെ ഉപവാസസമരം അവസാനിപ്പിക്കാന്‍ ധാരണയായി. കടല്‍ഭിത്തി നിര്‍മ്മാണം ഏപ്രില്‍ 31നകം തുടങ്ങും. ജില്ലാ കലക്ടര്‍ വൈദികരുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും തീരുമാനമായി. കടല്‍ഭിത്തി എന്ന ആവശ്യവുമായി ആറ് ദിവസമായി സമരം നടത്തിവരികയായിരുന്നു ചെല്ലാനം നിവാസികള്‍. ഓരോ കടല്‍ക്ഷോഭത്തിന് ശേഷവും കല്ല് പെറുക്കി കൂട്ടി കടല്‍ഭിത്തിയെന്ന പേരിട്ട് അധികൃതര്‍ മടങ്ങുമെന്നായിരുന്നു ചെല്ലാനത്തുകാരുടെ ആരോപണം.