ഇന്ത്യയ്ക്ക് നാണം കെട്ട തോല്‍വി

ധര്‍മ്മശാല : ശ്രീലങ്കയ്‌ക്കെതിരെ ധര്‍മ്മശാലയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നാണം കെട്ട തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം 20.4 ഓവറില്‍ ശ്രീലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. ജയത്തോടെ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ ലങ്ക 0-1 ന് മുന്നിലെത്തി.

ലങ്കയ്ക്കായി ഉപുല്‍ തരംഗ(49) തിളങ്ങി. മാത്യൂസും(25) നിരോശന്‍ ദിക്ക് വല്ലെയും(26) പുറത്താകാതെ നിന്നു. 19 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് വീണെങ്കിലും മാത്യൂസിനെ കൂട്ടുപിടിച്ച് തരംഗ ടീമിനെ കരകയ റ്റുകയായിരുന്നു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ഭുംറ, ഹര്‍ദ്ദിക്ക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഏകദിനം ബുധനാഴ്ച മൊഹാലിയിലാണ്.

ടോസ് നഷ്ടമായി ബാറ്റിംഗിന് നിയോഗിക്കപ്പെട്ട ഇന്ത്യ 112 റണ്‍സിനാണ് പുറത്തായത്. 38.2 ഓവറിലാണ് എല്ലാവരും പുറത്തായത്. 65 റണ്‍സെടുത്ത ധോണിയാണ് ടോപ് സ്‌കോറര്‍. ഹര്‍ദ്ദിക്ക് പാണ്ഡ്യ(10) കുല്‍ദീപ് യാദവ്(19) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. ശിഖര്‍ ധവാനടക്കം നാലു പേര്‍ എക്കൗണ്ട് തുറക്കും മുമ്പെ മടങ്ങി. നാല് വിക്കറ്റ് വീഴ്ത്തിയ സുരംഗ ലക്മലാണ് ഇന്ത്യന്‍ ബാറ്റിങ്ങിനെ തളര്‍ത്തിയത്. നുവാന്‍ പ്രതീപ് രണ്ടും മാത്യൂസ്, തിസാര പെരേര, അഖില ദനജ്ഞയ, സചിത് പതിരാണ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ലക്മല്‍ 10 ഓവറില്‍ നാല് മെയ്ഡന്‍ ഓവറുകളടക്കം വെറും 13 റണ്‍സ് വഴങ്ങിയാണ് നാലു വിക്കറ്റ് വീഴ്ത്തിയത്.

സ്‌കോര്‍ ബോര്‍ഡില്‍ കേവലം 29 റണ്‍ ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് ഏഴ് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ഏകദിന ചരിത്രത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയുടെ ഏറ്റവും കുറവ് സ്‌കോറാണിത്. 50 പോലും കടക്കില്ലെന്ന ഘട്ടത്തിലാണ് ധോണിയുടെ രക്ഷാപ്രവര്‍ത്തനം. 87 പന്തില്‍ 10 ഫോറും രണ്ട് സിക്‌സറും അടക്കമായിരുന്നു ധോണിയുടെ ഇന്നിങ്‌സ്. അവസാനം ഗുണതിലകയെ സിക്‌സര്‍ അടിക്കാനുള്ള ശ്രമത്തിനിടെ പെരേരക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ധോണി മടങ്ങുമ്പോള്‍ 9 പന്തില്‍ റണ്‍സൊന്നും എടുക്കാതെ യൂസ്വേന്ദ്ര ചാഹലായിരുന്നു നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍.