ഷെറിന്‍ മാത്യൂസിനെ അടക്കം ചെയ്ത സ്ഥലം വെളിപ്പെടുത്തി

ഹൂസ്റ്റണ്‍: യുഎസില്‍ കൊല്ലപ്പെട്ട മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്‍റെ മൃതദേഹം സംസ്കരിച്ച സ്ഥലം വെളിപ്പെടുത്തി. ഷെറിന്‍റെ വളര്‍ത്തു മാതാപിതാക്കളും എറണാകുളം സ്വദേശികളുമായ വെസ്ലിസിനി ദന്പതികളുടെ ഡാളസിനെ വീടിനു തൊട്ടടുത്താണു മൃതദേഹം സംസ്കരിച്ചിട്ടുള്ളത്.

ശവസംസ്കാരത്തിനുശേഷം ഈ സ്ഥലം രഹസ്യമാക്കിയിരിക്കുകയായിരുന്നു. വളരെ കുറച്ചുപേര്‍ മാത്രമാണു ഷെറിന്‍റെ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്തത്. ഷെറിന്‍ സൂസന്‍ മാത്യൂസ് എന്നാണ് കല്ലറയില്‍ പതിപ്പിച്ചിട്ടുള്ള കല്ലില്‍ കൊത്തിയിട്ടുള്ളത്.ഇന്ത്യയില്‍നിന്ന് ദന്പതികള്‍ ദത്തെടുത്ത ഷെറിനെ നവംബര്‍ ആദ്യം കാണാതാവുകയും രണ്ടാഴ്ചയ്ക്കുശേഷം മൃതദേഹം വീടിനു മുക്കാല്‍ കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍ കണ്ടെത്തുകയുമായിരുന്നു. ദന്പതികള്‍ അറസ്റ്റിലാണ്. സ്വന്തം മകളെ കാണുന്നതിന് കോടതി ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

വീട്ടിലെ ഗാരേജില്‍വച്ച് നിര്‍ബന്ധിച്ച് പാലു കുടിപ്പിച്ചപ്പോള്‍ കുഞ്ഞിന്‍റെ തൊണ്ടയില്‍ പാല്‍ കുരുങ്ങി ശ്വാസംമുട്ടി മരിച്ചുവെന്നാണ് വെസ്ലി മൊഴി നല്കിയതെന്ന് റിച്ചാഡ്‌സണ്‍ നഗരത്തിലെ പോലീസ് പറഞ്ഞു. എന്നാല്‍, അടിയന്തര ആരോഗ്യ സര്‍വീസിന്‍റെ സേവനം വെസ്ലി തേടിയില്ല. നഴ്‌സ് കൂടിയായ ഭാര്യ സിനിയെയും വിവരം അറിയിച്ചില്ല. ശരീരത്തില്‍നിന്നു ചൂടുപോകും മുന്‌പേ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.