ഏത് മുന്നണിയിലേക്കാണെന്ന തീരുമാനം ചാടിക്കേറി തീരുമാനിക്കാനാകില്ലെന്ന് മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് ഏത് മുന്നണിയിലേക്കാണെന്ന തീരുമാനം ചാടിക്കേറി തീരുമാനിക്കാനാകില്ലന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി . പക്ഷെ തീരുമാനം ഉടനുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു . ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിന്തിച്ചുറപ്പിച്ചുവേണം തീരുമാനമെടുക്കാന്‍. മുന്നണിയില്‍ സ്ഥാനം ചോദിച്ച് പാര്‍ട്ടി ആരുടേയും അടുത്തേക്ക് പോകില്ല. കേരള കോണ്‍ഗ്രസിന്റെ നയം അംഗീകരിക്കുന്നവരോട് സഹകരിക്കും. തനിച്ചു നില്‍ക്കുന്നതാണ് സുഖം. തനിച്ചുനിന്നിട്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും മാണി വ്യക്തമാക്കി. കോട്ടയത്തു നടക്കുന്ന പ്രതിനിധി സമ്മേളനത്തിലാണ് മാണി ഇക്കാര്യം അറിയിച്ചത്. ഇതിനു മുന്നോടിയായുള്ള കാര്‍ഷിക ബദല്‍ രേഖ സമ്മേളനത്തില്‍ മാണി അവതരിപ്പിച്ചു.

ഒരു ഹെക്ടറില്‍ താഴെയുള്ളവരെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, വിളകളുടെ ഇറക്കുമതി ചുങ്കം അതാതു മേഖലയിലുള്ള കര്‍ഷകര്‍ക്കു നല്‍കുക, തീരദേശ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മീനാകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ബണ്‍ ഫണ്ട് പരിസ്ഥിതി ലോല മേഖലയിലുള്ള കര്‍ഷകര്‍ക്ക് നല്‍കുക തുടങ്ങിയവയാണ് പ്രമേയത്തില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍. ബദല്‍ രേഖയുമായി യോജിക്കുന്ന മുന്നണിയുമായി സഹകരിക്കാനാണ് പാര്‍ട്ടി തീരുമാനം.