പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഫഹദും

പുതുച്ചേരി: വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഫഹദ് ഫാസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച ചോദ്യം ചെയ്യാനിരിക്കെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ.

ഫഹദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ചൊവ്വാഴ്ച ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്.

നികുതിവെട്ടിക്കാന്‍ പുതുച്ചേരിയില്‍ വ്യാജവിലാസത്തില്‍ വാഹനങ്ങള്‍ താരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത വാര്‍ത്ത കഴിഞ്ഞ മാസമാണ് പുറത്ത് വന്നത്. നടന്മാരായ സുരേഷ് ഗോപി, ഫഹദ് ഫാസില്‍, നടി അമലാ പോള്‍ എന്നിവരാണ് വ്യാജവിലാസത്തില്‍ പുതുച്ചേരിയില്‍ വാഹനരജിസ്‌ട്രേഷന്‍ നടത്തിയതായി കണ്ടെത്തിയത്.