മോദിയുടെ നോട്ട് പിന്‍വലിക്കല്‍ നയത്തെ പഴിച്ചുകൊണ്ട് മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍റെ ആത്മഹത്യാകുറിപ്പ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ജീവനക്കാരന്‍ നോട്ട് പിന്‍വലിക്കല്‍ നയത്തില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്തു. നാഗ്പൂരിനടുത്ത് സൗനോര്‍ എന്ന സ്ഥലത്താണ് ബാങ്ക് ജീവനക്കാരന്‍ ജീവനൊടുക്കിയത്. പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെടുത്തു. ആനന്ദ് മുകുന്ദ് ബാപ്പഠ് എന്ന 58കാരനാണ് വീടിനുള്ളില്‍ ഈ മാസം ഇരുപതാം തീയതി ജീവനൊടുക്കിയത്. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് മാറ്റാന്‍ കഴിയാതിരുന്ന ധാരാളം നോട്ടുകള്‍ ഇദ്ദേഹത്തിന്‍റെ പക്കല്‍ ഉണ്ടായിരുന്നുവെന്ന് നാഗ്പൂര്‍ ഡി.വൈ.എസ്.പി പറഞ്ഞു.

തനിക്ക് വെളിപ്പെടുത്താനാവാത്ത തുക തന്‍റെ പക്കല്‍ ഉണ്ടെന്നും പ്രധാനമന്ത്രി മോദി നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെ അതിപ്പോള്‍ ഉപയോഗ ശൂന്യമായിരിക്കുകയാണെന്നും ആത്മഹത്യാക്കുറിപ്പില്‍ ബാപ്പഠ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ തുകയത്രയും താന്‍ കൂട്ടിവെച്ചത് മകളുടെ വിവാഹത്തിനുവേണ്ടിയായിരുന്നു. ഈ കൂട്ടിവെച്ച തുക മുഴുവന്‍ ഇപ്പോഴത്തെ പ്രഖ്യാപനത്തോടെ ഉപയോഗ ശൂന്യമായിക്കഴിഞ്ഞു. നിയമപരമായി അത് പ്രഖ്യാപിക്കാനും തനിക്ക് ആവില്ല. ഇക്കാര്യം തന്‍റെ ചാര്‍ട്ടേഡ് അക്കൗണ്ടിനോട് പറയാനും കഴിയില്ല. തന്‍റെ കുട്ടികളെ അനാഥരാക്കിക്കൊണ്ട് താന്‍ പോകയാണെന്നും ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഇയാള്‍ക്ക് പൈപ്പിന്‍റെയും മറ്റുമുള്ളൊരു ബിസിനസ്സ് ഉണ്ടായിരുന്നു. താന്‍ ഉണ്ടാക്കിയ കടങ്ങള്‍ വീട്ടാന്‍ ബാങ്ക് ലോക്കറിലെ സ്വര്‍ണ്ണം എടുത്ത് ഉപയോഗിക്കണമെന്ന് കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. വീടിനുള്ളില്‍ നിന്ന് പിന്‍വലിച്ച നോട്ടുകെട്ടുകളുടെ ശേഖരമൊന്നും കാണാന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പിന്‍റെ ആധികാരികത പരിശോധിക്കണമെന്ന് പോലീസ് പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ തന്‍റെ പിതാവിന്‍റെ ആത്മഹത്യക്ക് കാരണമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് മകന്‍ പരീക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്നതോടെ ഇദ്ദേഹം വളരെ ദുഃഖിതനായിരുന്നുവെന്ന് ബാപ്പഠിന്‍റെ സുഹൃത്ത് നാംദേവ് സാവോജി പറഞ്ഞു.

നോട്ട് പിന്‍വലിക്കലിന് ശേഷം പ്രധാനമന്ത്രിയുടെ പേര് എഴുതിവെച്ചുള്ള ആത്മഹത്യ സംഭവം ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.